ഓക്‌സ്‌ഫോർഡ്: വൈശാഖിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും മിയ ജോർജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയാണ് വിശുദ്ധൻ. പള്ളിയിലെ ഒരു പുരോഹിതന്റെയും കന്യാസ്ത്രീയുടെയും കഥ പറഞ്ഞ ഈ സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അത്തരത്തിലൊന്ന് ഇതാ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്.നോർത്ത് യോക്ക്‌ഷെയറിലാണ് സംഭവം. അന്താരാഷ്ട്രമാദ്ധ്യമങ്ങളാണ് അപൂർവ്വ പ്രണയകഥ പുറത്തുവിട്ടത്.
സിസ്റ്റർ മേരി എലിസബത്ത് എന്നറിയപ്പെടുന്ന ലിസ ടിങ്ക്ലറും പുരോഹിതനായ ഫ്രിയാർ റോബർട്ടുമാണ് കഥയിലെ നായികാ നായകന്മാർ. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വേർപിരിയാനാവില്ലെന്ന് മനസിലായതോടെ ഇരുവരും ഒന്നിക്കുകയായിരുന്നു. ഏറെ വെല്ലുവിളികൾ നേരിട്ടും, കുത്തുവാക്കുകൾ സഹിച്ചും ബ്രഹ്‌മചര്യം ഉപേക്ഷിച്ചുമാണ് ഇരുവരും പ്രണയസാഫല്യത്തിനായി ഇറങ്ങിത്തിരിച്ചത്.
കന്യാസ്ത്രീയായി ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് സിസ്റ്റർ മേരി എലിസബത്ത് എന്നറിയപ്പെടുന്ന ലിസ ടിങ്ക്ലർ പുരോഹിതനായ ഫ്രിയാർ റോബർട്ടിനെ വിവാഹം ചെയ്തത്. റോമൻ കത്തോലിക്കാ മതവിഭാഗത്തിൽപ്പെട്ട ലങ്കാഷെയറിലെ പ്രെസ്റ്റണിലെ കോൺവെന്റിൽ 19 വയസ്സ് മുതൽ ടിങ്ക്ലർ കന്യാസ്ത്രീയായിരുന്നു.
2015 ൽ ഓക്സ്ഫോർഡിൽ നിന്നുള്ള പുരോഹിതനായ അവർ ഫ്രിയാർ റോബർട്ടിനെ കോൺവെന്റിൽ കണ്ടുമുട്ടി. തുടർന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആ കഥയിങ്ങനെ, ഒരിക്കൽ പുരോഹിതനായ റോബർട്ട് ഓക്‌സ്‌ഫോർഡിലെ പ്രിയറിയിൽ സന്ദർശനത്തിനെത്തി. റോബർട്ടിന് കഴിയ്ക്കാൻ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാൻ മുറിയിൽ പോയ സമയത്ത് ഇരുവരും തനിച്ചായി. ആദ്യമായാണ് ഇരുവരും മുറിയിൽ ഒരുമിച്ച് നിൽക്കുന്നത്.
റോബർട്ട് മുറിയിൽ നിന്ന് പുറത്തുപോകാൻ ഇറങ്ങിയപ്പോൾ ടിങ്ക്ലറിന്റെ കൈ തന്റെ കൈയിൽ തട്ടിയെന്നും അത് ഒരു പ്രത്യേക ഊർജ്ജം അഴിച്ചുവിട്ടെന്നും റോബർട്ട് പറഞ്ഞു.പിന്നീടത് പ്രണയമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു. കണ്ടുമുട്ടി ഒരാഴ്ചക്ക് ശേഷം വിവാഹം കഴിയ്ക്കാമോ എന്ന് ചോദിച്ച് റോബർട്ട് ഒരു കത്തയച്ചു. പ്രണയബന്ധം പിന്നീട് ഉന്നതരെ അറിയിച്ചു.
എന്റെ എല്ലാ സാമഗ്രികളുമെടുത്ത് മഠത്തിന് പുറത്തിറങ്ങി. ഒരിക്കലും സിസ്റ്റർ മേരി എലിസബത്ത് ആയി അങ്ങോട്ട് മടങ്ങില്ലെന്ന് തീരുമാനിച്ചുവെന്ന് ടിങ്കലർ പറയുന്നു. സന്ന്യാസം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ ആദ്യം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ അതിൽ ഖേദിക്കുന്നില്ലെന്ന് ദമ്പതികൾ വെളിപ്പെടുത്തി.
നോർത്ത് യോർക്ക്‌ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇപ്പോൾ നവദമ്പതികൾ താമസിക്കുന്നത്. താൻ ഇനി കർമ്മലീറ്റ് ഓർഡറിൽ അംഗമല്ലെന്ന് കാണിച്ച് റോമിൽ നിന്ന് ഒരു കത്ത് ലഭിച്ചതായി റോബർട്ട് വെളിപ്പെടുത്തി. ടിങ്ക്ലർ ആശുപത്രിയിൽ ജോലിക്ക് കയറി. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗീകരിക്കപ്പെടുകയും പ്രാദേശിക പള്ളിയുടെ വികാരി ആയി ജോലി നോക്കുകയും ചെയ്യുകയാണെന്നാണ് വിവരം.












