ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ച് വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതി മാപ്പ് അപേക്ഷിച്ചിരുന്നതായി റിപ്പോർട്ട്. നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന വ്യാപാരി ശങ്കർ മിശ്രയാണ് വയോധികയുടെ ശരീരത്തിൽ മൂത്രമൊഴിച്ചത്.
സംഭവത്തിന് ശേഷം വിമാനത്തിലെ ക്രൂ ശങ്കർ മിശ്രയെ ഈ സ്ത്രീയുടെ അടുത്തെത്തിച്ചിരുന്നു. ആ സമയം മിശ്ര, വയോധികയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞുവെന്നാണ് വിവരം. തനിക്ക് കുടുംബമുണ്ടെന്നും പരാതി നൽകി നാണം കെടുത്തരുത് എന്നുമാണ് ഇയാൾ പറഞ്ഞത്. എയർ ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാനത്തിൽ നടന്ന സംഭവം വിവരിച്ചുകൊണ്ട് അടുത്ത ദിവസം തന്നെ വയോധിക, എയർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുതിയിരുന്നു. എന്നാൽ ജനുവരി നാലിനാണ് എയർ ഇന്ത്യ പരാതി നൽകിയത് എന്നാണ് ആരോപണം. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് അയാൾ മുന്നിലെത്തി കരഞ്ഞ് മാപ്പുപറഞ്ഞത്. കുടുംബമുണ്ടെന്നും ഈ പ്രശ്നം തന്റെ ഭാര്യയെയും മക്കളെയും ബാധിക്കാൻ ഇടവരുത്തരുത് എന്നും ഇയാൾ പറഞ്ഞു എന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം കേസിൽ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാൾ രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നോട്ടീസ് പുറത്തിറക്കിയത്. യു.എസിലെ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കർ മിശ്ര. ഇയാളെ തിരിച്ചറിഞ്ഞെന്നും നിലവിൽ ഒളിവിലാണെന്നുമാണ് പോലീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്തിലെ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. നിലവിൽ നാല് ജീവനക്കാരെ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്ന് തന്നെ ഒത്തുതീർപ്പ് ഉണ്ടായെന്നും സ്ത്രീയുടെ വസ്ത്രവും ബാഗും അടുത്ത ദിവസം തന്നെ കഴുകി തിരികെ ഏൽപ്പിച്ചിരുന്നുവെന്നും മിശ്രയുടെ അഭിഭാഷകൻ പറഞ്ഞു. നവംബർ 30 ന് വസ്ത്രവും ബാഗും വൃത്തിയാക്കി തിരികെ നൽകി. ഒത്തുതീർപ്പിന് ശേഷം നഷ്ടപരിഹാരമായി പണവും അയച്ചുകൊടുത്തു. എന്നാൽ ഒരു മാസത്തിന് ശേഷം അവരത് തിരികെ നൽകി. വയോധികയ്ക്ക് പരാതി നൽകാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും മിശ്രയുടെ അഭിഭാഷകർ വ്യക്തമാക്കി.










