കാബൂൾ : ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ താൻ 25 താലിബാൻ ഭീകരരെ കൊന്നുകളഞ്ഞിട്ടുണ്ടെന്ന് ഹാരി രാജകുമാരൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി താലിബാൻ രംഗത്ത്. അവർ ചതുരംഗ കളത്തിലെ കരുക്കളല്ലെന്നും മനുഷ്യരായിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹക്കാനി പറഞ്ഞു. ഹാരിയുടെ ഓർമ്മക്കുറിപ്പിന്റെ കവർ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താലിബാൻ നേതാവിന്റെ വിമർശനം.
നിങ്ങൾ കൊന്നു തള്ളിയ താലിബാൻ ഭീകരർ ചെസ്സിലെ കരുക്കളായിരുന്നില്ല, അവർ ജീവനുള്ള മനുഷ്യരായിരുന്നു. അവർ തിരികെ എത്തുന്നത് കാത്ത് അവരുടെ കുടുംബം കാത്തുനിന്നിരുന്നു. അഫ്ഗാനികളെ കൊലപ്പെടുത്തിയ പലർക്കും അത് വെളിപ്പെടുത്താനോ കുറ്റം ഏറ്റുപറയാനോ ഉള്ള മര്യാദ ഇല്ലെന്നും താലിബാൻ നേതാവ് കുറിച്ചു.
ഞങ്ങളുടെ നിരപരാധികളായ ഭീകരർ നിങ്ങൾക്കും നിങ്ങളുടെ സൈന്യത്തിനും ചതുരംഗത്തിലെ കരുക്കളായിരിക്കും. എന്നാൽ ആ ചതുരംഗ മത്സരത്തിൽ നിങ്ങൾ തോറ്റുപോവുകയാണ് ഉണ്ടായത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ ഐസിസി ( അന്താരാഷ്ട്ര ക്രിമിനൽ കോടതി) നിങ്ങളെ വിളിപ്പിക്കുമെന്നോ മനുഷ്യാവകാശ പ്രവർത്തകർ നിങ്ങളുടെ പ്രവൃത്തിയെ അപലപിക്കുമെന്നോ താൻ പ്രതീക്ഷിക്കുന്നില്ല. കാരണം അവർ അന്ധരും ബധിരരുമാണ്. എന്നാൽ നിങ്ങളുടെ ഈ ക്രൂരതകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ഹക്കാനി കുറിച്ചു.
അഫ്ഗാനിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തിൽ പങ്കെടുത്തതിനെക്കുറിച്ച് ഉൾപ്പെടെ ഹാരി രാജകുമാരൻ തന്റെ ഓർമ്മക്കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. കൊലചെയ്തവരുടെ എണ്ണം കുറഞ്ഞ് പോയത് തനിക്ക് സംതൃപ്തി നൽകുന്നില്ല. എന്നാൽ അത് തന്നെ നിരാശപ്പെടുത്തുന്നുമില്ല. തനിക്ക് അത് പറയാൻ ഭയമില്ലാത്തത് കൊണ്ടാണ് കൊല്ലപ്പെട്ട താലിബാൻ ഭീകരരുടെ എണ്ണം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. രാജകീയ ജീവിതത്തിലെ നാടകങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സൈന്യം തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ജനുവരി 10 നാണ് ഇത് പുറത്തിറക്കുന്നത്.











