ന്യൂഡൽഹി: ജമ്മുകശ്മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ. ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ പോഷകസംഘടനയായ പിഎഎഫ്എഫിനെ യുഎപിഎ പ്രകാരമാണ് നിരോധിച്ചത്. കശ്മീൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം മറ്റൊരു ഭീകരസംഘടനയെ കൂടി നിരോധിക്കുന്നത്.
മൗലാന മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെ മുഹമ്മദിന്റെ പോഷകസംഘടനയാണ് പിഎഎഫ്എഫ്. ഇത് ഇന്ത്യൻ സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ നേതാക്കൾക്കും ജമ്മു കശ്മീരിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സാധാരണക്കാർക്കും ഭീഷണിയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു.
നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പോഷകസംഘടനയായാണ് 2019ൽ ‘പീപ്പിൾസ് ആന്റി ഫാസിസ്റ്റ്-ഫ്രണ്ട് (പിഎഎഫ്എഫ്) രൂപീകരിച്ചത്. ഇന്ത്യൻ സുരക്ഷാ സേനയ്ക്കും രാഷ്ട്രീയ നേതാക്കന്മാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജമ്മു-കശ്മീരിൽ ജോലി ചെയ്യുന്ന സാധാരണക്കാർക്കും ഇത് പതിവായി ഭീഷണികൾ പുറപ്പെടുവിക്കുന്നു. കൂടാതെ മറ്റ് സംഘടനകളുമായി ചേർന്ന്, തീവ്രവാദ പ്രവർത്തനങ്ങളും ജമ്മു-കശ്മീരും കീഴടക്കുന്നതിനായി സോഷ്യൽ മീഡിയയിലൂടെ ഉൾപ്പടെ ഗൂഢാലോചന നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ നിരോധിച്ചത്. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതും ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയുമാണ് ദ റെസിസ്റ്റൻസ് ഫ്രണ്ട്. നിരോധനത്തോടൊപ്പം പാകിസ്താൻ സ്വദേശിയും ലഷ്‌കർ കമാൻഡറുമായ അബു ഖുബൈബ് എന്ന മുഹമ്മദ് അമിനെ ഭീകരനായും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇയാളാണ് ദ റെസിസ്റ്റൻസ് ഫ്രണ്ടിന് ഇന്ത്യയിൽ നേതൃത്വം നൽകിയിരുന്നത്.
Discussion about this post