തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനായി നടത്തുന്ന ദേഹപരിശോധനയും ബാഗ് പരിശോധനയും പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാകും വിധത്തിലുളള ദേഹപരിശോധന ബാഗ് പരിശോധന മുതലായവ കർശനമായി ഒഴിവാക്കേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ സ്കൂളുകളിൽ കുട്ടികൾ മൊബൈൽഫോൺ കൊണ്ടുവന്നാൽ സ്കൂൾസമയം കഴിയുംവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാൻ സൗകര്യമൊരുക്കണമെന്ന് ബാലാവകാശ കമ്മീഷൻ കൂട്ടിച്ചേർത്തു. കുട്ടികൾ സ്കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. എന്നാൽ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിലും ക്ഷതമുണ്ടാകുംവിധത്തിലുള്ള പ്രാകൃത പരിശോധനകൾ വേണ്ടെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. കുട്ടികൾ മൊബൈൽഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
ഫിഡൽ എസ്. ഷാജി വടകര പുതുപ്പണം ജെ.എൻ.എം.ജി. എച്ച്.എസ്. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഫിഡൽ എസ്. ഷാജിയുടെ അച്ഛന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നിർണ്ണായക നിരീക്ഷണം.
പരാതിക്കാരന്റെ മകനെ നാഷണൽ സർവ്വീസ് സ്കീമിൽ തിരഞ്ഞെടുത്തു. ഇതിന് പിന്നാലെ 2022 സെപ്തംബർ 29ന് കുട്ടിയുടെ അമ്മയുടെ ഫോണിൽ ക്ലാസ് ടീച്ചർ ഒരു പി.ഡി.എഫ്. അയച്ചു. പരാതിക്കാരൻ തന്റെ ഭാര്യയെ ചികിത്സയ്ക്ക് കൊണ്ടുപോയതിനാൽ ഫോൺ മകന്റെ കൈയ്യിൽ കൊടുത്ത് പിഡി.എഫിന്റെ പ്രിന്റൗട്ട് എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഏതോ കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ കുട്ടിയുടെ ബാഗ് പരിശോധിച്ചു. ഫോൺ കാണുകയും, പ്രിൻസിപ്പൽ ഫോൺ കൈവശം വയ്ക്കുകയും ചെയ്തുവെന്നുമാണ് പരാതി.
പരാതിക്കാരന്റെ ഭാര്യയുടെ ച്രികിത്സ സംബന്ധിച്ചുള്ള വിവരങ്ങളും, ബാങ്കിംഗ് ട്രാൻസാക്ഷൻ എന്നിവ പ്രിൻസിപ്പലുടെ കൈവശമുള്ള ഫോണിൽ ഉള്ളതിനാൽ പരാതിക്കാരന്റെ ഭാര്യ ഫോൺ ആവശ്യപ്പെട്ടപ്പോൾ ഫോൺ തിരിച്ച് തരാൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഈ പ്രശ്നങ്ങൾ എല്ലാം മകനെ മാനസികമായി തളർത്തിയെന്നും ബാലാവകാശ കമ്മീഷൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. തുടർന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.
Discussion about this post