ന്യൂഡൽഹി: വിരമിക്കലുമായി ബന്ധപ്പെട്ട വാർത്തകൾ സ്ഥിരീകരിച്ച് ടെന്നീസ് താരം സാനിയ മിർസ. അന്താരാഷ്ട്ര മാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. അടുത്ത മാസം നടക്കുന്ന ദുബായി ഡ്യൂട്ടി-ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പായിരിക്കും അവസാന ടൂർണമെന്റെന്നും സാനിയ മിർസ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അന്താരാഷ്ട്ര മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ തുടർന്നാണ് വിരമിക്കുന്നത്. ഇക്കാര്യം താരം ഇൻസ്റ്റഗ്രാമിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നും ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. അതിന് നിലവിലെ പരിക്കും ആരോഗ്യപ്രശ്‌നങ്ങളും ഒരു തടസ്സമാകരുതെന്നും സാനിയ അഭിപ്രായപ്പെട്ടു.
ഡബ്ല്യൂടിഎ ഫൈനൽസിന് ശേഷം വിരമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ യുഎസ് ഓപ്പണിൽ കൈമുട്ടിന് ഉണ്ടായ പരിക്ക് തീരുമാനങ്ങളെല്ലാം മാറ്റിമറിച്ചു. ജീവിതത്തിൽ എല്ലായ്‌പ്പോഴും സത്യസന്ധത കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് താൻ. എപ്പോഴും ഇഷ്ടമുള്ളത് ചെയ്യാനാണ് ആഗ്രഹം. അതിനാൽ പ്രാക്ടീസ് തുടരുകയാണെന്നും താരം പറഞ്ഞു.
ഡ്യൂട്ടി-ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ശേഷം വിരമിക്കാനാണ് നിലവിലെ പദ്ധതി. തനിക്ക് 36 വയസ്സായി. യഥാർത്ഥത്തിൽ വിരമിക്കാൻ ഇതും ഒരു കാരണമാണ്. തന്നെ ഇനിയും മുന്നോട്ട് നയിക്കാനുള്ള കരുത്ത് മനസ്സിന് ഉണ്ടെന്ന് കരുതുന്നില്ല. പ്രായമാകുന്തോറും താത്പര്യങ്ങളും മാറുമെന്നും സാനിയ മിർസ പ്രതികരിച്ചു.
Discussion about this post