തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ ലോകായുക്തയിൽ പരാതി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജൂഡീഷ്യൽ കമ്മീഷന്റെ തലപ്പത്തിരുന്ന് യുവജന കമ്മീഷൻ അദ്ധ്യക്ഷ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ജുഡീഷ്യൽ പദവിയിലിരിക്കുന്ന ചിന്ത സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും പരിപാടികളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും, നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതി തിങ്കളാഴ്ച ലോകായുക്ത പരിഗണിക്കും.
” കമ്മീഷന്റെ പത്താം വകുപ്പ് അനുസരിച്ച് വിപുലമായ സിവിൽ ചുമതലകളും അധികാരങ്ങളുമാണ് യുവജന കമ്മീഷന് സർക്കാർ നിശ്ചയിച്ച് നൽകിയിട്ടുള്ളത്. 9ാം വകുപ്പ് പ്രകാരമുള്ള അതിന്റെ ചുമതലകൾ നിർവഹിക്കുമ്പോൾ 1908ലെ സിവിൽ നടപടി നിയമസംഹിത പ്രകാരം ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമ്മീഷനുണ്ട്. പരാതിയിന്മേൽ ആളെ വിളിച്ച് വരുത്താനും, ഹാജരാകൽ ഉറപ്പ് വരുത്താനും, സത്യപ്രസ്താവനയിന്മേൽ വിസ്തരിക്കാനും, രേഖകൾ കണ്ടെടുക്കാനും, ഹാജാരാകാൻ ആവശ്യപ്പെടാനും തെളിവ് സ്വീകരിക്കാനും, ഏതെങ്കിലും കോടതിയിൽ നിന്ന് പൊതുരേഖയോ പകർപ്പോ ആവശ്യപ്പെടാനും, സാക്ഷികളെ വിസ്തരിക്കാനും ഒക്കെയുള്ള അധികാരം കമ്മീഷനുണ്ട്. ഈ അധികാരം എല്ലാം ഉള്ളപ്പോഴാണ് രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതെന്നും” പരാതിയിൽ പറയുന്നു.
ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ചിന്ത ജെറോമിനെതിരെ ലോകായുക്തയിൽ പരാതി എത്തുന്നത്. ചിന്ത ജെറോമിന് 17 മാസത്തെ ശമ്പള കുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനാണ് ധനവകുപ്പ് തീരുമാനിച്ചത്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലെടുത്ത തീരുമാനം വലിയ വിവാദമായതോടെ ശമ്പളത്തിലെ അപാകത തീർക്കണമെന്നാവശ്യപ്പെട്ടത് താനല്ലെന്നും കമ്മീഷൻ സെക്രട്ടറിയാണെന്ന ന്യായീകരണവുമായി ചിന്ത ജെറോം രംഗത്തെത്തി. എന്നാൽ ചിന്തയുടെ അപേക്ഷയിലാണ് നടപടികൾ മുന്നോട്ട് നീങ്ങുന്നതെന്ന് ഫയലിൽ വ്യക്തമാണ്.
Discussion about this post