ലക്‌നൗ: മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.കേസരി നാഥ് ത്രിപാഠിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപിയുടെ പ്രധാനസംസ്ഥാന നേതാക്കളെല്ലാം അനുശോചനം രേഖപ്പെടുത്തി.
ഉത്തർപ്രദേശിലെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ കേസരിനാഥിനെ ഡിസംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈയ്ക്ക് പൊട്ടലും ശ്വാസ തടസ്സവുമൂലമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച്ചയിലേറെ നീണ്ടു നിന്ന ആശുപത്രി ചികിത്സയ്ക്ക് ശേഷം ത്രിപാഠിയെ വീട്ടിലെത്തിച്ചു.
ഇതിന് മുൻപ് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്ജിപിജിഐഎംഎസ്) നീണ്ടനാൾ ചികിത്സയിലായിരുന്നു. രണ്ടുതവണ കൊറോണ പിടിപ്പെട്ടതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കി. 1934 നവംബർ 10 ന് അലഹബാദിലാണ് കേസരി നാഥ് ത്രിപാഠിയുടെ ജനനം. ബിഹാർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി ചുമതല വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ മുൻ അദ്ധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം.
അലഹബാദ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ആയിരുന്ന കേസരിനാഥ് ത്രിപാഠി, എഴുത്തുകാരനും കവിയും ആയിരുന്നു. നിരവധി പുസ്തകങ്ങളാണ് അദ്ദേഹം രചിച്ചത്. മനോനുകൃതി,ആയുപങ്ക് എന്നീ രണ്ട് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന സാഹിത്യകൃതികൾ. സഞ്ചയിത: കേസരി നാഥ് ത്രിപാഠി എന്ന പുസ്തകത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Discussion about this post