തിരുവനന്തപുരം: കാശില്ലാത്തവൻ ക്രിക്കറ്റ് കളി കാണേണ്ടെന്ന കായിക മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ. കാശില്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച പത്രവാർത്ത പങ്കുവച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രിക്കറ്റ് ഒരു ബൂർഷ്വാ വിനോദമാണെന്ന് ജയശങ്കർ പറഞ്ഞു. കാശിട്ടു കാശുവാരുന്ന ബിസിനസ്. ഇതാണ് വിനോദ നികുതി കുറയ്ക്കില്ലെന്ന് കായികമന്ത്രി പറഞ്ഞതിലെ യുക്തി. കാശുള്ളവൻ ക്രിക്കറ്റ് കാണട്ടെ. അല്ലാത്തവൻ കുട്ടീം കോലും കളിക്കാൻ പോകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഈ മാസം കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിനത്തിന്റെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിൽ ഇന്നലെയായിരുന്നു അബ്ദുറഹ്‌മാന്റെ പ്രതികരണം. ടിക്കറ്റിന് ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കില്ല. കിട്ടേണ്ട പണം സർക്കാരിന് കിട്ടണം. കാശില്ലാത്തവൻ കളി കാണേണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘എടോ, ഇവടെ ഒരു കളിയുണ്ടല്ലോ.. കിറിക്കറ്റ്! സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊന്നും ആ കളിയില്ല..’ സഖാവ് ഇ കെ നായനാർ രണ്ടാമത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് (1987-91) പറഞ്ഞതാണ്. സഖാവ് മൂന്നാമത് മുഖ്യമന്ത്രിയാകുമ്പോഴേക്കും സോവിയറ്റ് യൂണിയനും കിഴക്കൻ ജർമനിയും പല രാജ്യങ്ങളും സോഷ്യലിസത്തോട് വിട പറഞ്ഞിരുന്നു. കിറിക്കറ്റ് അപ്പോഴും നിലനിന്നു.
ബൂർഷ്വാ വിനോദമാണ് കിറിക്കറ്റ്. കാശിട്ടു കാശുവാരുന്ന, വാതുവെപ്പുകാർ നിയന്ത്രിക്കുന്ന ബിഗ് ബിസിനസ്.
വിനോദ നികുതി കുറയ്ക്കാൻ പറ്റില്ല എന്ന് മന്ത്രി പറയുന്നതിന്റെ യുക്തി ഇതാണ്: കാശുളളവർ ക്രിക്കറ്റ് കാണട്ടെ, കാശില്ലെങ്കിൽ കുട്ടീം കോലും കളിക്കാൻ പോകട്ടെ












