പാലക്കാട് : വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്കായി കുടുബം കോടതിയിലെത്തിയ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഒറ്റപ്പാലത്താണ് സംഭവം. മനിശിരി സ്വദേശി സുബിതയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 11 മണിയോടെ കോടതിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. വിവാഹ മോചന നടപടികൾക്കായി എത്തിയതായിരുന്നു സുബിത. ഇവിടെ വെച്ച് സുബിതയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഭർത്താവ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.












