തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കമ്മ്യൂണിസ്റ്റുകാർ പൗരന്മാരെ കാശിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും തൊഴിലാളികളേയും പിന്നോക്ക വിഭാഗങ്ങളേയും വോട്ടിന് വേണ്ടിയുള്ള ഉപാധികളായാണ് കമ്മ്യൂണിസ്റ്റുകാർ കാണുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കായിക വിനോദങ്ങൾ കാശുള്ളവർ മാത്രം ആസ്വദിച്ചാൽ മതിയെന്നുള്ള മന്ത്രിയുടെ മനോഭാവം സമ്പന്നരുടെ താത്പര്യങ്ങൾ സംരക്ഷിക്കലാണ് എൽഡിഎഫ് സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നു. തൊഴിലാളികളെയും പട്ടിണി പാവങ്ങളേയും എൽഡിഎഫ് സർക്കാരിനും സിപിഎമ്മിനും പരമ പുച്ഛമാണ്. അധികാരം കിട്ടിയത് മുതൽ ഫ്യൂഡൽ മാടമ്പിമാരുടെ പ്രവർത്തന ശൈലിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചവെക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
മുതലാളിത്തത്തിന്റെ ആരാധകരായ സിപിഎം നയിക്കുന്ന മുന്നണിയുടെ ഒരു മന്ത്രി പട്ടിണിക്കാരെ തള്ളിപ്പറയുന്നതിൽ അത്ഭുതമില്ല. സ്വർണ്ണക്കടത്ത്, ക്വാറി, ഭൂമാഫിയ എന്നിവരുടെ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന മന്ത്രിമാർക്കും നേതാക്കൾക്കും സാധാരണക്കാരന്റെയും പട്ടിണി പാവങ്ങളുടെയും ആശയും അഭിലാഷവും കാണാനുള്ള മനസ്സും വിവേകവുമില്ലെന്നും കെ സുധാകരൻ ആരോപിച്ചു. കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധനയെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post