ന്യൂഡൽഹി : ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്കൂളിൽ പഠിക്കുന്നതിനെതിരെ ജാമിഅത്ത് ഉലമ ഇ ഹിന്ദ് അദ്ധ്യക്ഷൻ മൗലാന അർഷാദ് മഅദനി രംഗത്ത്. മിക്സഡ് സ്കൂളുകളിൽ പഠിച്ചാൽ വിദ്യാർത്ഥികൾ സ്വന്തം വിശ്വാസവും മതവും മറന്ന് പ്രവർത്തിക്കും. ഇസ്ലാം മതത്തിൽ സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ടെന്നും എന്നാൽ ആൺകുട്ടികളോടൊപ്പം ഒരേ ക്ലാസിലിരുന്ന് അവർ പഠിക്കുന്നത് ശരിയല്ലെന്നുമാണ് മഅദനി ഇതുകൊണ്ട് ഉദ്ദേശിച്ചത്.
തങ്ങൾ ഒരിക്കലും പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിന് എതിരല്ല. എന്നാൽ മിക്സഡ് സ്കൂളിൽ പെൺകുട്ടികളെ പഠിപ്പിക്കുന്നത് ശരിയല്ല. അത് അവരെ മതത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും വരെ അകറ്റും. മിക്സഡ് സ്കൂളുകളിൽ മുസ്ലീം പെൺകുട്ടികളെയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നും മഅദനി പറഞ്ഞു.
ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി രാജ്യത്ത് വർഗീയ ചേരിതിരിവ് നടത്താനുള്ള ശ്രമങ്ങളാണ് ഉയരുന്നത്. മുസ്ലീങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ഇത് സംഭവിക്കുന്നുണ്ടെന്നും മിക്സഡ് സ്കൂളുകളിൽ അവരെ പഠിപ്പിക്കാൻ വിടുന്നത് കൊണ്ടാണ് ഇത് നടക്കുന്നത് എന്നും മഅദനി ആരോപിച്ചു.
Discussion about this post