ന്യൂഡൽഹി: 2018ലെ ഭീമ കൊറേഗാവ് കേസ് പ്രതി ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കൽ സുപ്രീം കോടതി നീട്ടി. ഫെബ്രുവരി 17 വരെയാണ് തടങ്കൽ നീട്ടിയിരിക്കുന്നത്.
ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കലുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഫെബ്രുവരി 17 വരെ നീട്ടുകയാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഇത്.
2021 നവംബർ 10നായിരുന്നു ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലാക്കി സുപ്രീം കോടതി ഉത്തരവിട്ടത്. തടങ്കൽ കാലയളവിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വാർത്താവിനിമയ ഉപകരണങ്ങൾ, ഗാഡ്ജെറ്റുകൾ എന്നിവ ഉപയോഗിക്കരുതെന്ന് കോടതി ശക്തമായി നവ്ലാഖയോട് ആവശ്യപ്പെട്ടിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാരന്റെ സാന്നിദ്ധ്യത്തിൽ, പോലീസ് നൽകുന്ന ഫോൺ ദിവസം പത്ത് മിനിട്ട് മാത്രം ഉപയോഗിക്കാനാണ് നവ്ലാഖയ്ക്ക് അനുമതി.
എഴുപത് വയസ്സുകാരനായ നവ്ലാഖയ്ക്ക് മലാശയത്തിൽ അർബുദവും ചർമ്മ- ദന്ത രോഗങ്ങളും ഉള്ളതായി അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം വിചാരണ നേരിടുകയാണ് ഗൗതം നവ്ലാഖ.
Discussion about this post