ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരിയിൽ തുറന്ന് നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ക്ഷേത്രത്തിനായി ഒരുങ്ങുന്നത് 65 കോടിയുടെ കവാടങ്ങളാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായി അയോധ്യയിലേക്കുള്ള പാതയിൽ ആറ് പ്രവേശന കവാടങ്ങൾ നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈ കവാടങ്ങൾക്കെല്ലാം കൂടി 65 കോടി രൂപ ചിലവാകും. ഇതിനുള്ള ആദ്യഗഡു തുക സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ബസ്തി, ഗോണ്ട മേഖലകളിൽ രണ്ട് പ്രവേശന കവാടങ്ങൾ നിർമിക്കും. രണ്ട് പ്രവേശന കവാടങ്ങളും പ്രാദേശിക ഭരണകൂടവും അയോധ്യയിലെ രാമ ഭക്തരും ചേർന്നാകും നിർമ്മിക്കുക.
ഈ പ്രവേശന കവാടങ്ങളെല്ലാം 5 ഹെക്ടർ സ്ഥലത്ത് നിർമ്മിക്കേണ്ടിവരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു. സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയാകുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗ ഹൈവേയിലെ ഫിറോസ്പൂർ, പ്രയാഗ്‌രാജ് ഹൈവേയിലെ മൈനുദ്ദീൻപൂർ, അസംഗഢ് ഹൈവേയിലെ രാജെപൂർ ഉപ്പാർഹർ ഗ്രാമം, ബസ്തി റോഡിലെ ഇസ്മായിൽപൂർ, ഗോണ്ട റോഡിലെ കത്ര എന്നിവിടങ്ങളിലാണ് കവാടങ്ങൾ നിർമിക്കുന്നത്.
ത്രേതായുഗത്തിലെന്നപോലെ ആറ് പ്രവേശന കവാടങ്ങളും ഒരുങ്ങിയാലുടൻ അയോധ്യ ഒരു കോട്ടയായി മാറുമെന്ന് നിതീഷ് കുമാർ പറഞ്ഞു. അയോധ്യയെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്താൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാമപഥം, ഭക്തി പാത, ജന്മഭൂമി പാത, ധർമ പാത എന്നിവ അയോധ്യയിൽ നിർമിച്ചിട്ടുണ്ട്. ഇതെല്ലാം പൂർത്തിയാകുമ്പോൾ, സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഭക്തർ അയോധ്യാധാമിലെത്തും. അപ്പോൾ ത്രേതായുഗത്തിൽ നിലനിന്നിരുന്ന അതേ രാമനഗരമാണിതെന്ന് അവർ തിരിച്ചറിയും. ത്രേതായുഗത്തിലെ രാമനഗരത്തെ പ്രതിഫലിപ്പിക്കുന്നതിനായി രാമായണത്തിലെ രംഗങ്ങളും ചുവരുകളിൽ കൊത്തിവയ്ക്കും- നിതീഷ് കുമാർ വ്യക്തമാക്കി.
Discussion about this post