ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ രാഹുൽ ഗാന്ധി തന്നെയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹ. ഇപ്പോൾ പ്രധാനമന്ത്രിയാകാനുള്ള രാഹുൽ ഗാന്ധിയുടെ സാദ്ധ്യത വർദ്ധിച്ചു. കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ചരിത്രപരമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.
ഇന്ത്യ കണ്ട ചരിത്രപരമായ യാത്രയാണ് ഭാരത് ജോഡോ യാത്ര. ഇതിന് ശേഷം പ്രതിപക്ഷ പാർട്ടിയിൽ പ്രധാനമന്ത്രിയാകാനുള്ള രാഹുൽ ഗാന്ധിയുടെ സാദ്ധ്യത വർദ്ധിച്ചിരിക്കുന്നു. ഇപ്പോൾ ഏറെ ബഹുമാനം ലഭിക്കുന്ന നേതാവായി അദ്ദേഹം മാറിയിരിക്കുന്നു. പ്രധാനമന്ത്രിയാകാൻ അദ്ദേഹത്തിന് എന്തുകൊണ്ടും യോഗ്യതയുണ്ട്. ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കും. നേതൃപാഠവം എന്താണെന്ന് അദ്ദേഹം ജനങ്ങൾക്ക് മുൻപിൽ ഭാരത് ജോഡോ യാത്രയിലൂടെ തെളിയിച്ചു. രാഹുൽ ഗാന്ധിയെ നേതാവായി ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞുവെന്നും ശത്രുഘ്‌നൻ സിൻഹ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയ്ക്ക് മുൻപ് ജഗൻമോഹൻ റെഡ്ഡിയുൾപ്പെടെ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റേത് വ്യത്യസ്തമാണ്. പാർട്ടിയുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കാൻ ഇത് ഗുണം ചെയ്യും. ബംഗാൾ തിരഞ്ഞെടുപ്പിൽ കാലൊടിഞ്ഞിട്ടും മമത ബാനർജി റാലികൾ സജീവമായി പങ്കെടുത്തു. ഇതിന്റെ ഫലമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








