കൊൽക്കത്ത: ബംഗാളിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതിന് പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ബംഗാളിലെ ബിർഭൂം ജില്ലയിലാണ് സംഭവം. ജില്ലയിലെ മയൂരേശ്വർ ബ്ലോക്കിലുള്ള പ്രൈമറി സ്‌കൂളിലെ 30ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിലായത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിലാണ് ചത്ത പാമ്പിനെ കണ്ടത്.
പയർ നിറച്ച പാത്രങ്ങളിൽ ഒന്നിലാണ് പാമ്പിനെ കണ്ടതെന്ന് സ്‌കൂൾ ജീവനക്കാരൻ വ്യക്തമാക്കി. പാമ്പിനെ കണ്ട വിവരം പുറത്ത് വന്നതോടെ വിദ്യാർത്ഥികളിൽ പലരും ഛർദ്ദിക്കാൻ തുടങ്ങി. ഉടനെ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്‌കൂളിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
വിവരം അറിഞ്ഞെത്തിയ നാട്ടുകാർ സ്‌കൂളിലെ പ്രധാനാധ്യാപകനെ പൂട്ടിയിടുകയും, സ്‌കൂളിലുണ്ടായിരുന്ന വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Discussion about this post