ലണ്ടൻ : ചരിത്രത്തിലാദ്യമായി ബ്രിട്ടനിൽ നിന്ന് നടത്തിയ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. റോക്കറ്റും ഉപഗ്രഹവും അറ്റ്ലാൻ്റിക് സമുദ്രത്തിൽ വന്ന് പതിച്ചു. വിമാനത്തിൽ നിന്ന് റോക്കറ്റ് വിക്ഷേപിച്ചെങ്കിലും ആദ്യഘട്ടം കഴിയും മുൻപേ അത് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിയ്ക്കുകയായിരുന്നു.
കോസ്മിക് ഗേൾ എന്ന ജംബോജറ്റിൽ ഘടിപ്പിച്ച റോക്കറ്റും ഉപഗ്രഹങ്ങളും ഉയരത്തിൽ എത്തിച്ച ശേഷം, ആകാശത്ത് നിന്ന് ഉപഗ്രഹങ്ങൾ ഘടിപ്പിച്ച റോക്കറ്റ് വിക്ഷേപിക്കുകയായിരുന്നു പദ്ധതി. എന്നാൽ ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് റോക്കറ്റിൽ കുഴപ്പം സംഭവിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ എത്തിക്കാനാവുന്ന റോക്കറ്റുകൾക്ക് വൻ ശക്തിയും ശേഷിയും ആവശ്യമാണ്. അത്തരം റോക്കറ്റുകൾ ബ്രിട്ടൻ്റെ കൈവശം ഇല്ലാത്തതിനാലും റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയുന്ന വിക്ഷേപണ കേന്ദ്രങ്ങൾ ബ്രിട്ടനിൽ ഇല്ലാത്തതിനാലും ആണ് വിമാനത്തിൽ ഘടിപ്പിച്ച് ആകാശത്ത് എത്തിച്ച ശേഷം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന രീതി പരീക്ഷിച്ചത്.
ഇത് വിമാനത്തിൽ നിന്ന് വേർപ്പെട്ട് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പോയി ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച് ഒൻപത് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഇതിൽ അപാകത കണ്ടെത്തിയത്. റോക്കറ്റിൽ ഉണ്ടായ കുഴപ്പം കാരണമാണ് വിക്ഷേപണം പരാജയപ്പെട്ടതെന്ന് ബ്രിട്ടീഷ് സ്പേസ് ഏജൻസി പറഞ്ഞു. ഒരു റോക്കറ്റ് ബഹിരാകാശത്തെത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വർഷത്തിനുള്ളിൽ തങ്ങൾ വീണ്ടും ശ്രമിക്കുമെന്നും യു കെ സ്പേസ് ഏജൻസിയുടെ ഡെപ്യൂട്ടി സി ഇ ഒ ഇയാൻ ആനറ്റ് വ്യക്തമാക്കി.
ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കുന്ന വ്യവസായത്തിൻ്റെ സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് വിർജിൻ അറ്റ്ലാൻ്റിക് എന്ന സ്വകാര്യ കമ്പനിയും യു കെ സ്പേസ് ഏജൻസിയും ചേർന്ന് ബ്രിട്ടനിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഉപഗ്രഹ വിക്ഷേപണം പരീക്ഷിക്കാൻ തയ്യാറായത്. ശൂന്യാകാശ ഗവേഷണത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്കയും ഫ്രാൻസും ഇന്ത്യയും ചൈനയും എല്ലാം വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിൽ ദശലക്ഷക്കണക്കിന് ഡോളർ ബിസിനസാണ് ഓരോ കൊല്ലവും നടത്തുന്നത്. ഈ വ്യവസായത്തിൽ ഒരു പങ്ക് പറ്റുക എന്ന ഉദ്ദേശത്തോടെയാണ് പഴയ ഒരു യാത്രാ വിമാനം റോക്കറ്റ് ലോഞ്ചറായി മാറ്റിയെടുത്ത് പുതിയ ദൗത്യം തുടങ്ങിയത്.
പക്ഷേ ഉപഗ്രഹങ്ങളെല്ലാം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചതോടെ തുടക്കം തന്നെ പാളിയിരിക്കുകയാണ്. റോക്കറ്റിനേയും വഹിച്ച് വിമാനം പറന്നുയർന്ന കോൺവാൾ നോർക്വീ വിമാനത്താവളത്തിൽ രണ്ടായിരത്തോളം ആളുകളാണ് ടിക്കറ്റെടുത്ത് റോക്കറ്റ് വിക്ഷേപണം കാണാൻ കൂടിയത്. വിക്ഷേപണം പരാജയപ്പെട്ടെന്ന വാർത്ത പരന്നതോടെ എല്ലാവരും പിരിഞ്ഞു പോയി.
ഇന്ത്യ മംഗൾയാൻ പദ്ധതി വിജയകരമായി പൂർത്തിയാക്കിയപ്പോൾ അപമാനിച്ച് കാർട്ടൂൺ വരച്ച ന്യൂയോർക് ടൈംസ് ഇതിൽ എന്ത് കാർട്ടൂണാവും വരയ്ക്കുക എന്ന് കാണട്ടെ എന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചോദ്യങ്ങളുയരുന്നത്.
Discussion about this post