ലക്‌നൗ: പോലീസ് കോൺസ്റ്റബിളിന്റെ അവധി അപേക്ഷ വൈറലാവുന്നു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പോലീസ് സ്‌റ്റേഷനിലെ ഗൗരവ് ചൗധരിയുടെ അവധിക്കത്താണ് വൈറലായിരിക്കുന്നത്.
ലീവ് കിട്ടാത്തതിനെ തുടർന്ന് ദേഷ്യപ്പെട്ട ഭാര്യ തന്നോട് സംസാരിക്കുന്നില്ല എന്ന കാരണമാണ് അവധിക്കായി ചൂണ്ടിക്കാട്ടിയത്. ഒരുപാട് തവണ ഭാര്യയെ വിളിച്ചെങ്കിലും ഫോൺ എടുക്കാതെ അമ്മയ്ക്ക് കൈമാറുകയായിരുന്നു. തന്റെ സഹോദരപുത്രന്റെ ജന്മദിനത്തിന് വീട്ടിലേക്ക് വരാമെന്ന് ഭാര്യക്ക് വാക്ക് നൽകിയിരുന്നതായി അപേക്ഷയിൽ പറയുന്നു. പക്ഷേ ലീവ് ഇല്ലാതിരുന്നതിനാൽ പോകാൻ സാധിച്ചില്ല. ഭാര്യ ദേഷ്യത്തിലാണെന്നും അവധി തരണമെന്നുമാണ് പോലീസുകാരന്റെ അപേക്ഷ.
കഴിഞ്ഞ മാസമാണ് അദ്ദേഹം വിവാഹിതനായത്. ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ പിആർബിയിലെ അംഗം കൂടിയാണ് ഗൗരവ്.
അതേസമയം അപേക്ഷ പരിഗണിച്ച എസ്പി,ജനുവരി 10 മുതൽ അഞ്ച് ദിവസത്തേക്ക് കാഷ്വൽ ലീവ് അനുവദിച്ചു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവധി എടുക്കാൻ അനുവാദമുണ്ടെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.








