തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവണ്‍മെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ് കിടപ്പ് മുറിയിൽ (16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാൻ മിടുക്കിയായ ആര്യയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറവായിരുന്നു. ഇതിൻെറ സങ്കടത്തിലാണ് കുട്ടി വീട്ടിലേക്ക് പോയത് എന്നാണ് അദ്ധ്യാപകർ പറയുന്നത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ട ശേഷം വൈകീട്ടോടെ ആര്യ അച്ഛന്റെ കടയിലെത്തിയിരുന്നു. ഇവിടെ നിന്ന് സഹോദരൻ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് അടുത്ത സഹോദരിയെ വിളിക്കാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു സഹോദരൻ. തിരികെ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ സമീപത്തെ ചായ്പ്പ് വഴി കിടപ്പുമുറിയിലേക്ക് എത്തിനോക്കുകയായിരുന്നു. അപ്പോഴാണ് പെൺകുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ഈ സമയം ഫാനിലെ കെട്ടഴിഞ്ഞ് പെൺകുട്ടി സഹോദരന്റെ മുന്നിലേക്ക് വീണു. തുടർന്ന് കുട്ടികൾ വിവരം അറിയിച്ചതോടെ ബന്ധുക്കളെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർക്കല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.












