ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് പൂനാവാലയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹിയിലെ സാകേത് കോടതി. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അവിരാൾ ശുക്ലയ്ക്ക് മുമ്പാകെയാണ് അഫ്താബ് പൂനവാലയെ ഹാജരാക്കിയത്. ജയിലിൽ അഫ്താബിന് ചൂട് തങ്ങി നിൽക്കുന്ന വസ്ത്രങ്ങൾ നൽകാൻ ജയിൽ ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി. കസ്റ്റഡിയിൽ വായിക്കാൻ ചില നിയമപുസ്തകങ്ങൾ വേണമെന്നും അഫ്താബ് കോടതിയിൽ ആവശ്യപ്പെട്ടു.
നേരത്തെ ഡിസംബർ ആറിന് കോടതി അഫ്താബിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. നവംബർ 12 മുതൽ അഫ്താബ് കസ്റ്റഡിയിലാണ്. അഫ്താബിന് നാർക്കോ, പോളിഗ്രാഫ് പരിശോധനകൾ ഇതിനിടെ നടത്തിയിരുന്നു. ഇതിൽ ശ്രദ്ധയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചിരുന്നു. വിദഗ്ദ്ധ സംഘം ഡിസംബർ 23ന് അഫ്താബിന്റെ നാർക്കോ ടെസ്റ്റ് റിപ്പോർട്ട് ഡൽഹി പൊലീസിന് കൈമാറി. തുടർന്നാണ് അഫ്താബ് അമിൻ പൂനാവാലയുടെ ജുഡീഷ്യൽ കസ്റ്റഡി ജനുവരി 6 വരെ കോടതി നീട്ടിയത്.
15 ദിവസം മുമ്പ് ഡൽഹി പോലീസിന് അഫ്താബും ശ്രദ്ധയും തമ്മിൽ വഴക്കുണ്ടായെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം ലഭിച്ചിരുന്നു. ഈ ഓഡിയോ അഫ്താബിന്റെതെന്ന് ഉറപ്പിക്കാൻ പോലീസ് അഫ്താബിന്റെ ശബ്ദം റെക്കോർഡ് ചെയ്തിട്ടുണ്ട്. അഫ്താബ് എന്തിനാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നതിന്റെ നിർണായക തെളിവാണ് ഓഡിയോ സന്ദേശമെന്ന് ഡൽഹി പോലീസ് പറയുന്നു.
Discussion about this post