ലഖ്നൗ: 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസുകാരനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ ഫൂൽ ഗാർഹി മേഖലയിലാണ് സംഭവം. മോഹ്‌സിന്റെ മകൻ മാവിയൻ എന്ന നാലു വയസുകാരനാണ് കളിച്ചുകൊണ്ടിരിക്കെ കുഴൽക്കിണറിൽ വീണത്. വിവരം ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തേക്ക് എത്തി.
പോലീസ് ഉദ്യോഗസ്ഥർ ഗാസിയാബാദിൽ നിന്ന് എൻഡിആർഎഫ് ടീമുകളെ വിളിച്ചുവരുത്തി. അഗ്നിശമന, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ, കേൾവി വൈകല്യമുള്ള കുട്ടിക്ക് ഓക്സിജനും പാലും വെള്ളവും വിതരണം ചെയ്തു. സ്ഥലത്ത് സ്ഥാപിച്ച ക്യാമറ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ കുട്ടിയെ നിരീക്ഷിച്ചു. എൻഡിആർഎഫ് ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഈ സാഹചര്യം തങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയതെന്ന് എൻഡിആർഎഫ് പറഞ്ഞു. “വീണുകിടക്കുന്ന നാല് വയസ്സുകാരനെ രക്ഷപ്പെടുത്തി. ഇത് ഞങ്ങൾക്ക് ഒരു കടുത്ത വെല്ലുവിളിയായിരുന്നു, എന്നാൽ അത്തരം പ്രവർത്തനങ്ങൾ വൈദഗ്ധ്യത്തോടെ നടത്താൻ ഞങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നിരവധി പേരാണ് സംഘത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
Discussion about this post