തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത് നരകത്തിലെന്ന് ശ്രീനിവാസൻ. ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കഴിവുള്ളവരാണ് നമ്മെ ഭരിക്കേണ്ടത് എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
ഒരു നരകത്തിലാണ് നാം ജീവിക്കുന്നത്. കഴിവുള്ളവരാണ് നമ്മെ ഭരിക്കേണ്ടത്. അങ്ങനെയുള്ളവരെ വേണം തിരഞ്ഞെടുക്കാൻ എന്നാണ് ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞിട്ടുള്ളത്. കഴിവുള്ളവരെ തിരഞ്ഞടുക്കാനുള്ള ബോധം നമുക്ക് ഉണ്ടാകണം. എന്നാൽ അതില്ല എന്നതാണ് ജനാധിപത്യത്തിന്റെ പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് സോക്രട്ടീസ് ജീവിച്ചിരിപ്പുണ്ടെങ്കിൽ ജനാധിപത്യം കണ്ടുപിടിച്ചവനെ കൊന്ന് ആത്മഹത്യ ചെയ്‌തേനേ. കാരണം കേരളത്തിലെ രാഷ്ട്രീയം കള്ളന്മാർക്ക് മരിക്കുന്നതുവരെ അഴിമതി നടത്താനുള്ള സംവിധാനമാണെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
വളരെ ദയനീയമായ ചുറ്റുപാടിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്മാർ രാഷ്ട്രീയത്തിൽ വരുന്നു. അവർ കട്ട്മുടിച്ച് നാടിനെ നശിപ്പിക്കുന്നു. ഈ ദുരിതം എന്നെങ്കിലും മാറുമെന്ന് പ്രത്യാശിക്കാം. അതല്ലാതെ നമുക്ക് വേറെ വഴിയില്ല. എല്ലാ രാഷ്ട്രീയക്കാരും കണക്കാണെന്നും ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.












