അഹമ്മദാബാദ് ; യുവതിയുടെ വീഡിയോ കോൾ കെണിയിൽ അകപ്പെട്ട് യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി. ഗുജറാത്തിലാണ് സംഭവം. ഹണി ട്രാപ്പിൽ അകപ്പെടുത്തിയാണ് യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്.
2022 ഓഗസ്റ്റ് 8 നാണ് യുവാവിന്റെ ഫോണിലേക്ക് യുവതിയുടെ കോൾ വന്നത്. റിയ ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി, മോർബി സ്വദേശിയാണെന്നാണ് പറഞ്ഞത്. തുടർന്ന് വീഡിയോ കോളിനിടെ യുവാവിനോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. യുവാവ് ഇത് അനുസരിച്ചതിന് തൊട്ടുപിന്നാലെ യുവതി വീഡിയോ കോൾ കട്ട് ചെയ്തു.
തുടർന്നാണ് ഭീഷണി ആരംഭിച്ചത്. നഗ്ന വീഡിയോ കോൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം ഡൽഹി പോലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞാണ് കോൾ വന്നത്. വീഡിയോ തന്റെ കൈയ്യിലുണ്ടെന്നും അത് പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്നും ഇയാൾ പറഞ്ഞു.
തുടർന്ന് ഓഗസ്റ്റ് 14 ന് ഡൽഹി സൈബർ സെല്ലിൽ നിന്നാണെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അറിയിച്ചുകൊണ്ട് കോൾ എത്തി. കേസെടുക്കാതിരിക്കണമെങ്കിൽ 80.97 ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം.
പിന്നീട് സിബിഐ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് കോൾ വന്നത്. കേസ് ഒത്തുതീർപ്പാക്കാൻ 8.5 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ഡിസംബർ 15 ന് കേസ് അവസാനിപ്പിച്ചുവെന്ന് അറിയിച്ച് ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഓർഡർ ലഭിച്ചു. ഇതോടെയാണ് യുവാവിന് സംശയം തോന്നി പോലീസിനെ സമീപിച്ചത്.
2.69 കോടി തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് ഇയാളുടെ പരാതിയിൽ പറയുന്നത്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post