റായ്പൂർ: ഝാർഖണ്ഡിൽ കൊടും കുറ്റവാളിയായ കമ്യൂണിസ്റ്റ് ഭീകരനായി വലവിരിച്ച് സുരക്ഷാ സേന. കൊപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മിസിർ ബെസ്രയ്ക്ക് വേണ്ടിയാണ് സുരക്ഷാ സേന പരിശോധന തുടരുന്നത്. കഴിഞ്ഞ ദിവസം മിസിർ ബെസ്രയുടെ സംഘം സുരക്ഷാ സേനയെ ആക്രമിച്ചിരുന്നു.
ഝാർഖണ്ഡിലെ ചായ്ബാസയിലാണ് സിആർപിഎഫ് പരിശോധന നടത്തുന്നത്. ബെസ്രയും സംഘവും മേഖലയിൽ തമ്പടിച്ചിരിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ സുരക്ഷാ സേനയ്ക്ക് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഈ മാസം 11 ന് ചായ്ബാസയിൽ എത്തിയത്.
സുരക്ഷാ സേനയ്ക്ക് നേരെ വൻ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടാണ് ഭീകര സംഘം പ്രദേശത്ത് എത്തിയത് എന്നായിരുന്നു ഇന്റലിജൻസ് നൽകിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഭീകര സംഘം നിർണായക നീക്കങ്ങൾ നടത്തുന്നതായി പോലീസും സ്ഥിരീകരിച്ചു. ഇതേ തുടർന്നായിരുന്നു സിആർപിഎഫ് സംഘം സ്ഥലത്ത് എത്തിയത്. എന്നാൽ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ സേനാംഗങ്ങൾക്ക് നേരെ ഭീകരർ ഐഇഡി ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ ആറ് സിആർപിഎഫ് ജവാന്മാർക്കാണ് പരിക്കേറ്റത്.
എന്നാൽ ഇതിന് ശേഷവും സിആർപിഎഫ് സംഘം സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. പ്രദേശത്തെ വനമേഖലയിൽ ബെസ്രയുണ്ടെന്നാണ് സുരക്ഷാ സേനയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയും നിരീക്ഷണവും തുടരുകയാണ്.
Discussion about this post