തിരുവനന്തപുരം : തലസ്ഥാനത്ത് പോലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി കണിയാപുരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് ബോംബേറ് ഉണ്ടായത്. തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്.
അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതോടെ ഇവർക്ക് നേരെ പ്രതികൾ ബോംബ് എറിയുകയായിരുന്നു. പോലീസിന് നേരെ പ്രതികൾ മഴുവും എറിഞ്ഞു. സംഭവത്തിൽ ഷമീറിനെയും ഇവരുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയം നോക്കി സഹോദരൻ ഷഫീഖ് ഓടി രക്ഷപ്പെട്ടു.
പോലീസ് സ്റ്റേഷനിൽ വെച്ചും നാടകീയ രംഗങ്ങൾ അരങ്ങേറി. കസ്റ്റഡിയിലിരിക്കെ പ്രതി ഷമീർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.












