പത്തനംതിട്ട : ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. ഈ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം ലഭിച്ചത്. അപ്പം, അരവണ വിൽപ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു. കൊവിഡ് സാഹചര്യങ്ങളാൽ നിയന്ത്രങ്ങളേർപ്പെടുത്തിയ കഴിഞ്ഞ രണ്ടു സീസനിലും വരുമാനം കുറവായിരുന്നു.
ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപനാണ് കണക്കുകൾ പുറത്ത് വിട്ടത് . മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെയുള്ള 310 കോടിയിൽ 231 കോടി രൂപ മണ്ഡലകാലത്തെയും 78 കോടിയോളം മകരവിളക്ക് കാലത്തെയും വരുമാനമാണ്.
അരവണ വില്‍പ്പനയില്‍ നിന്ന് മണ്ഡലകാലത്ത് 107 കോടി രൂപയും മകരവിളക്ക് കാലത്ത് 32,കോടി രൂപയുമാണ് ദേവസ്വത്തിന് ലഭിച്ചത്. മാറ്റിവെച്ച ഏലക്ക കലർന്ന ആറരലക്ഷം ടിൻ അരവണ ഗുണനിലവാര പരിശോധനയിൽ ഭക്ഷ്യ യോഗ്യമാണെന്ന് കണ്ടെത്തിയാൽ മാത്രമേ വിൽപനക്ക് എടുക്കാൻ കഴിയുകയുള്ളൂ. ഇല്ലെങ്കിൽ ആറരക്കോടി രൂപയാണ് ബോർഡിന് നഷ്ടമാകുക. ശബരിമലയിൽ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സന്നിധാനത്തിന് ചുറ്റും പർണ്ണശാലകൾ ഉയർന്നു. നാളെ 11 മണിക്ക് ശേഷം പമ്പയിൽ നിന്നുള്ള ഭക്തരുടെ പ്രവേശനം തടയും. ഇന്നലെ മുതൽ എത്തി തുടങ്ങിയ ഭക്തരിൽ പകുതിയും മലയിറങ്ങിയിട്ടില്ല. ഇന്ന് 90,000 പേരാണ് വിർച്വൽ ക്യുവിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നും നാളെയും സ്പോട്ട് ബുക്കിംഗ് ഇല്ല.










