അംഗപരിമിതര്‍ക്കായുള്ള ആദ്യത്തെ പ്രൊഫഷണല്‍ ടൂര്‍ ഓപ്പറേറ്ററായ പ്ലാനറ്റ് ഏബിള്‍ഡ് എന്ന സ്ഥാപനത്തിലൂടെ സ്ഥാപക നേഹ അറോറ വ്യത്യസ്തയാകുകയാണ്. ഡല്‍ഹി സ്വദേശിനിയായ നേഹ അറോറചെറുപ്പം മുതല്‍ക്ക് യാത്രകള്‍ ചെയ്യാനും പുതിയ സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാനും ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു. എന്നാല്‍, . അന്ധനായ പിതാവും വീല്‍ചെയര്‍ ഉപയോഗിക്കുന്ന മാതാവുമുള്ള നേഹയ്ക്ക് കുടുംബവുമൊത്തുള്ള യാത്രകള്‍ സ്വപ്നമായി മാറി. അംഗപരിമിതി യാത്രകൾക്ക് തടസമാകരുത് എന്ന ആഗ്രഹത്തിൽ നിന്നുമാണ് 2016 ല്‍ പ്ലാനറ്റ് ഏബിള്‍ഡ് ആരംഭിക്കുന്നത്.
2009ലായിരുന്നു നേഹയുടെ ചിന്തകളെ മാറ്റിയ കേരളയാത്ര നടന്നത്. യാത്രയ്ക്കിടെ പ്രസിദ്ധമായ ക്ഷേത്രത്തിലെത്തി. തൊഴാന്‍ ഏറെ ഉല്‍സാഹത്തോടെയെത്തിയ കുടുംബത്തിനു മുന്നില്‍ പക്ഷേ, ക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞു. ക്ഷേത്രത്തികത്തേക്ക് വീല്‍ചെയര്‍ കയറ്റുന്നതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഏറെ ആഗ്രഹിച്ച് ക്ഷേത്ര ദര്‍ശനത്തിന് എത്തുകയും എന്നാല്‍ അവിടെ വരെയെത്തിയ ശേഷം ദര്‍ശനം നടത്താനാവാതെ മടങ്ങുകയും ചെയ്യേണ്ടി വന്ന അവസ്ഥ നേഹയുടെ അമ്മയെ ഏറെ വേദനിപ്പിച്ചു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് നേഹ പിന്നീട് മനസിലാക്കി. തിരികെ വീട്ടിലെത്തിയ നേഹ, അംഗപരിമിതരായവര്‍ക്ക് വേണ്ടി യാത്രകള്‍ സംഘടിപ്പിക്കുന്ന ഏജന്‍സികള്‍ക്കായി തെരഞ്ഞു എങ്കിലും നിരാശയായിരുന്നു ഫലം. പഠനശേഷം മുന്‍നിര സ്ഥാപനങ്ങളില്‍ ജോലി നോക്കി വരവെയാണ് ഭിന്നശേഷിക്കാര്‍ക്കായി യാത്രകള്‍ സംഘടിപ്പിക്കുന്ന സ്ഥാപനമെന്ന തന്റെ ഏറെ നാളത്തെ ആഗ്രഹത്തിന് പൂര്‍ണ രൂപം നല്‍കാമെന്ന് നേഹ തീരുമാനിക്കുന്നത്.
2016 ലെ പുതുവര്‍ഷ തീരുമാനമായി ഭിന്നശേഷിക്കാര്‍ക്കായുള്ള യാത്രാ സ്റ്റാര്‍ട്ടപ്പ് നേഹ വിഭാവനം ചെയ്തു. കൃത്യം ഒരുമാസത്തിനുള്ളില്‍ അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു.ഭിന്നശേഷിക്കാരായ 20 പേരെ ഡല്‍ഹിയിലെ സ്മാരകങ്ങളിലേക്കാണ് നേഹ കൊണ്ടുപോയത്.യാത്രയില്‍ കൂട്ടായി ഓരോരുത്തര്‍ക്കും സഹായികളെ (ട്രാവല്‍ ബഡ്ഡി) ഏര്‍പ്പാടാക്കിയിരുന്നു. കാഴ്ചയില്ലാത്തവര്‍ക്കായി ഡല്‍ഹിയിലെ കാഴ്ചകള്‍ അവര്‍ വിവരിച്ചുകൊടുത്തു. ഇന്ന് അംഗപരിമിതര്‍ക്ക് പരിചിതമല്ലാത്ത സ്ഥലത്തേയ്ക്ക് പോകുവാന്‍ സഹായിക്കുകയാണ് പ്ലാനറ്റ് ഏബിള്‍ഡ് ചെയ്യുന്നത്. നിലവിൽ നിരവധി യാത്രകളിലൂടെ പ്ലാനറ്റ് ഏബിൾഡും നേഹയും പ്രശസ്തി നേടിക്കഴിഞ്ഞു
Discussion about this post