ഡെറാഡൂൺ: ജോഷിമഠിൽ ഭൂമിയിലുണ്ടായ വിളളലിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് പുറമേയാണ് നഷ്ടപരിഹാരം നൽകുന്നത്. 99 കുടുംബങ്ങളെയാണ് പ്രത്യേക സാഹചര്യം പരിഗണിച്ച് സർക്കാർ മാറ്റി താമസിപ്പിച്ചത്.
ഇടക്കാല ആശ്വാസമായിട്ടാണ് തുക നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരമായി തുക വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗവും പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു.
പ്രദേശത്ത് കടകളും വ്യാപാരവും നടത്തിക്കൊണ്ടിരുന്നവർക്കും നഷ്ടപരിഹാര തുക നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറ്റി താമസിപ്പിച്ചവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ നിർണായക തീരുമാനങ്ങൾ പിന്നീട് കൈക്കൊളളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ മേഖലയിലെ ഒരു വീട് പോലും പൊളിച്ചിട്ടില്ലെന്നും സ്ഥിതി പഠിക്കാൻ ഒരു സർവ്വെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ധാമി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ജോഷിമഠിലെ സ്ഥിതിയെക്കുറിച്ച് സൈന്യവുമായും ഐടിബിപി സേനാനേതൃത്വവുമായും ശാസ്ത്രജ്ഞരുമായും മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു.
മേഖലയിലെ വീടുകൾക്കും റോഡുകൾക്കും വിളളൽ വീഴുകയും ആളുകൾ ആശങ്കയിലാകുകയും ചെയ്തതോടെയാണ് ഇവരെ സംസ്ഥാന സർക്കാർ ഇടപെട്ട് മാറ്റിപ്പാർപ്പിച്ചത്.
Discussion about this post