ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധര്‍ എംപി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എംപിയുടെ മരണത്തിന് പിന്നാലെ ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വച്ചു. ഇന്ന് രാവിലെ യാത്ര ആരംഭിച്ച് അധികസമയം കഴിയുന്നതിന് മുന്‍പാണ് സംഭവം.
ലുധിയാനയില്‍ നിന്നും ജലന്ധറിലേക്കുള്ള യാത്രാമദ്ധ്യേ ഫുള്ളറില്‍ വച്ചാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഞ്ചാബ് മുന്‍ മന്ത്രി കൂടിയാണ് സന്തോഖ് സിംഗ് ചൗധരി. ഇന്ന് തന്നെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള രണ്ടാമത്തെ മരണമാണിത്. നേരത്തെ തമിഴ്‌നാട്ടില്‍ വച്ച് ഒരു യാത്രികന്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.









