ഛണ്ഡീഗഡ്: ഭൂമി ഇടിഞ്ഞുതാഴുന്ന ജോഷിമഠിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി വിശ്വഹിന്ദു പരിഷത്. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ചു. അവദൂത് മണ്ഡൽ ആശ്രമത്തിൽ നടന്ന പരിപാടി പീഠാധീശ്വരൻ മഹാമണ്ഡലേശ്വർ സ്വാമി രൂപേന്ദ്ര പ്രകാശ് ഉദ്ഘാടനം ചെയ്തു.
വീടുകൾ തകർന്നതിനെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്കാണ് അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്. പുതപ്പ്, ആഹാരം, വസ്ത്രം, വെള്ളം തുടങ്ങിയവയാണ് നൽകുന്നത്. വരും ദിവസങ്ങളിലും സാധനങ്ങളുടെ വിതരണം തുടരും. ആവശ്യമെങ്കിൽ നിലവിലെ പ്രതിസന്ധികൾ മാറുന്നതുവരെ അവശ്യസാധനങ്ങളുടെ വിതരണം തുടരാനാണ് വിഎച്ച്പിയുടെ തീരുമാനം.
അതേസമയം ജോഷിമഠിലെ പ്രതിസന്ധി ഓരോ ദിവസം കഴിയുന്തോറും രൂക്ഷമാകുകയാണ്. കൂടുതൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ തുടരുകയാണ്. ദുരന്തബാധിത മേഖലയിൽ താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ ജോഷിമഠ് 5.4 സെന്റീമീറ്ററോളം താഴ്ന്നിട്ടുണ്ട്. പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്ന ചില നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രദേശത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Discussion about this post