മഞ്ഞുകാലത്ത് ഹൃദയാഘാതങ്ങള്‍ കൂടുതലായി കണ്ടുവരാറുണ്ട്. ഇത് യാദൃശ്ചികമാണോ, അതോ ഇതിലെന്തെങ്കിലും ശാസ്ത്രമുണ്ടോ? സംഗതി സത്യമാണ്. തണുപ്പ് മൂലം നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങും. ഇത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കുമുള്ള തകരാറുകള്‍ എന്നിവയെല്ലാം തണുപ്പുകാലമാകുന്നതോടെ ഒന്നുകൂടി ശക്തമാകും. ഹൃദയത്തിലേക്ക് ര്ക്തമെത്തിക്കുന്ന രക്തക്കുഴലുകലുകളുടെ ഭിത്തിയിലുളള പേശികള്‍ താത്കാലികമായി മുറുകുന്നത് കൊണ്ടാണിത്.
പുറത്ത് നല്ല തണുപ്പുള്ളപ്പോള്‍ ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ ഹൃദയം കുറച്ചധികം കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ശീതക്കാറ്റ് പോലെ അന്തരീക്ഷത്തില്‍ തണുപ്പ് കൂടി വരുമ്പോള്‍ ശരീരത്തിന്റെ ചൂട് പെട്ടന്ന് നഷ്ടമാകുന്നു. ശരീര താപനില 95 ഡിഗ്രിക്ക് താഴെപ്പോയാലുള്ള അവസ്ഥയെ ഹൈപ്പോതെര്‍മിയ എന്നാണ് വിളിക്കുന്നത്. ഇത് ഹൃദയപേശികളെ ദോഷകരമായി ബാധിക്കും.
രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകള്‍ ചുരുങ്ങും. ഇത് ഹൃദയത്തിലെത്തുന്ന രക്തത്തിന്റെയും ഓക്‌സിജന്റെയും അളവ് കുറയാന്‍ കാരണമാകും. തത്ഫലമായി ഹൃദയാഘാതം ഉണ്ടാകാനും സാധ്യതയുണ്ട്.
അതുകൊണ്ട് മഞ്ഞുകാലത്ത് ഹൃദയത്തിന് പ്രത്യേക കരുതല്‍ നല്‍കേണ്ടത് ആവശ്യമാണ്. തണുപ്പില്‍ നിന്നും ഹൃദയത്തെ സംരക്ഷിച്ച് ആരോഗ്യം ഉറപ്പാക്കാന്‍ ഇതാ ചില അറിവുകള്‍.
നല്ല ആഹാരം
തണുപ്പുകാലത്ത് ഭക്ഷണത്തോട് ഇഷ്ടക്കൂടുതല്‍ സാധാരണമാണ്. പക്ഷേ എല്ലാം മിതമായി വേണം. വിഭവസമൃദ്ധമായി കഴിക്കുന്നതിനൊപ്പം പോഷകസമൃദ്ധമാവ കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണെന്നത് പറയേണ്ടതില്ലല്ലോ. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുവാനും ന്യുമോണിയ, ജലദോഷം പോലെ മഞ്ഞുകാലത്ത് ആരോഗ്യത്തെ തകര്‍ക്കുന്ന വില്ലന്മാരെ തോല്‍പ്പിക്കാനും പ്രതിരോധശേഷി കൂടിയേ തീരു.
പനികളെ കരുതിയിരിക്കുക
പുതുവര്‍ഷം നമ്മുടെ ആരോഗ്യം എത്രത്തോളം മികച്ചതാണെന്ന് പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. കാരണം മഞ്ഞുകാലവും പുതുവര്‍ഷവുമെല്ലാം ഒരുമിച്ചാണല്ലോ എത്തുന്നത്. മഞ്ഞുകാലത്ത് പലതരത്തിലുള്ള പനികള്‍ സര്‍വ്വസാധാരണമാണ്. ഇവയ്ക്ക് പിടികൊടുക്കാതിരിക്കുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ച് ഹൃദ്രോഗികളും പ്രായമായവരും.
മരുന്നുകള്‍ കൃത്യസമയത്ത്
തണുപ്പുകാലത്ത് ശരീരത്തില്‍ എല്ലായിടത്തും രക്തത്തിന്റെ ശരിയായ ഒഴുക്ക് ഉറപ്പുവരുത്താന്‍ ഹൃദയത്തിന് അല്‍പ്പമധികം ജോലി എടുക്കണമെന്ന് പറഞ്ഞുവല്ലോ. ഹൃദയാരോഗ്യവും മറ്റ് രോഗങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം ജലദോഷമോ മറ്റ് ശൈത്യകാല രോഗങ്ങളോ വന്നാലും അധികം പേടിക്കാനില്ല. അതിനാല്‍ നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ മുടക്കം വരുത്താതെ, കൃത്യതയോടെ കഴിക്കുക. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ വളരെ പ്രധാനമാണത്.
വ്യായാമത്തില്‍ വിട്ടുവീഴ്ചയില്ല
തണുപ്പാണെന്ന എക്‌സ്‌ക്യൂസില്‍ പതിവ് വ്യായാമം മുടക്കുന്നവരേ, തണുപ്പുകാലത്താണ് നിങ്ങളുടെ ഹൃദയത്തിന് കൂടുതല്‍ സംരക്ഷണം വേണ്ടതെന്ന് നിങ്ങള്‍ക്കറിയുമോ. ശരീരഭാരം വര്‍ധിച്ചാല്‍ ശരീരവും ഹൃദയവും പ്രതിരോധ സംവിധാനവുമെല്ലാം സമ്മര്‍ദ്ദത്തിലാകും. ശരീരത്തിനുള്ളിലേക്ക് പറ്റിക്കൂടാന്‍ കാത്തിരിക്കുന്ന രോഗാണുക്കള്‍ ഈ ദുര്‍ബലത മുതലെടുക്കുമെന്നത് തീര്‍ച്ചയാണ്. കോവിഡ്-19 വന്നുപോയവര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കണം. തണുപ്പ് കാരണം പുറത്തിറങ്ങി വ്യായാമം ചെയ്യുക ബുദ്ധിമുട്ടാണെങ്കില്‍ വീട്ടിനുള്ളില്‍ ചെയ്യാവുന്നവ ചെയ്യുക.
മാനസികാരോഗ്യവും ഒരുപോലെ പ്രധാനം
പകലുകള്‍ക്ക് നീളം കുറയുകയും രാത്രികള്‍ നീളമേറുകയും ചെയ്യുന്ന മഞ്ഞുകാലത്ത് കൂടുതല്‍ സമയവും വീട്ടിനുള്ളില്‍ ഇരുന്ന് ബോറടിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വെയില്‍ കുറയുന്നകത് കൊണ്ട് പലരിലും വിറ്റാമിന്‍ ഡി അപര്യാപ്തത ഉണ്ടാകാറുണ്ട്. ഇത് ഡിപ്രഷന്‍ പോലുള്ള അവസ്ഥകളെ കൂടുതല്‍ മോശമാക്കും. അത്തരം അവസരങ്ങളില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് ന്ല്ലതാണ്.
Discussion about this post