ന്യൂഡൽഹി; ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. മറ്റ് മതസ്ഥരുമായുളള വിവാഹം ഹിന്ദു മാര്യേജ് ആക്ട് പ്രകാരം നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദു വിശ്വാസത്തിലുളളവരുടെ വിവാഹങ്ങൾ മാത്രമേ ഈ നിയമപ്രകാരം നിലനിൽക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റീസുമാരായ കെഎം ജോസഫ്, ബിവി നാഗരത്‌ന എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം. തെലങ്കാന ഹൈക്കോടതി 2017 ഓഗസ്റ്റിൽ പുറപ്പെടുവിച്ച ഒരു വിധിയെ ചോദ്യം ചെയ്തുകൊണ്ടുളള ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
2008 ഫെബ്രുവരിയിൽ തന്നെ വിവാഹം ചെയ്ത ക്രിസ്തുമത വിശ്വാസി 2013 ൽ താൻ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിച്ചുവെന്നും ഇയാൾക്കെതിരെ ഐപിസി 494 ാം വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നും കാണിച്ച് ഹിന്ദു വിശ്വാസിയായ യുവതി 2013 ൽ ഹൈദരാബാദിൽ പരാതി നൽകിയിരുന്നു. ഭാര്യയോ, ഭർത്താവോ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തടയുന്നതിനുളള വകുപ്പാണ് ഐപിസി 494. ഈ വകുപ്പ് പ്രകാരം ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം.
തെലങ്കാന ഹൈക്കോടതിയിലെത്തിയ ഹർജിയിൽ ഐപിസി 494 വകുപ്പ് പ്രകാരമുളള നടപടികൾ റദ്ദാക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹിന്ദു വിശ്വാസപ്രകാരം താൻ പരാതിക്കാരിയെ വിവാഹം കഴിച്ചുവെന്ന വാദം തെറ്റാണെന്നും അങ്ങനെ ഒരു വിവാഹം നടന്നിട്ടില്ലെന്നുമാണ് സുപ്രീംകോടതിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
പരാതിയിൽ പറഞ്ഞിട്ടുളളതല്ലാതെ വിവാഹം കഴിച്ചതിന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമേ ഇത്തരം വിവാഹം നടത്താൻ സാധിക്കൂവെന്നും അങ്ങനെ ഒരിടത്തും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾ പരിഗണിക്കവേ ആയിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
Discussion about this post