കോട്ടയം: ജയിലിൽ കഴിയുന്ന ഭർത്താവിന് മാരക ലഹരിമരുന്ന് ടൂത്ത് പേസ്റ്റിന്റെ ട്യൂബിൽ നിറച്ച് നൽകി ഭാര്യ. സബ് ജയിലിൽ കഴിയുന്ന സുന്ദറിനാണ് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ലഹരിമരുന്ന് നൽകിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
എംഡിഎംഎയാണ് ടൂത്ത് പേസ്റ്റിന്റെ ട്യൂബിൽ നിറച്ച് നൽകിയത്. കാരാപ്പുഴ പുന്നപ്പറമ്പിൽ ഗോകുൽ ആയിരുന്നു സുന്ദറിന് ലഹരിവസ്തു നൽകാൻ നിർദ്ദേശിച്ചത്. ലഹരി കേസിൽ ജയിലിൽ കഴിയുമ്പോൾ ഗോകുലിനൊപ്പമായിരുന്നു സുന്ദർ. ട്യൂബിനുള്ളിലെ പേസ്റ്റ് കളഞ്ഞ് അതിൽ എംഡിഎംഎ നിറച്ചായിരുന്നു ജയിലിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം ജയിലിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലഹരിവസ്തു പിടികൂടിയത്. ഇതിന് പിന്നാലെ സുന്ദറിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയായിരുന്നു. ഗോകുലാണ് ലഹരി ടൂത്ത് പേസ്റ്റിലാക്കി നൽകിയതെന്ന് ഭാര്യ പോലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഗോകുലിന് സ്ഥിരമായി ലഹരി നൽകുന്നവരെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്നാണ് സൂചന.












