കവരത്തി: വധശ്രമ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയുടെ സഹോദരനെ ജോലിയിൽ നിന്നും പുറത്താക്കി. എംപി മുഹമ്മദ് ഫൈസലിന്റെ സഹോദരൻ നൂറുൾ അമീനെയാണ് സർക്കാർ സർവ്വീസിൽ നിന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പിരിച്ചു വിട്ടത്. കേസിലെ ഒന്നാം പ്രതിയാണ് നൂറുൾ.
അന്ത്രോത്ത് എംജിഎസ്എസ് സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്നു നൂറുൾ. ഇയാളുടെ പ്രവൃത്തി ഒരു അദ്ധ്യാപകന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സമൂഹത്തിന് അഹിംസയുടെ സന്ദേശം നൽകേണ്ടവരാണ് അദ്ധ്യാപകർ. എന്നാൽ ഇവർ തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
ഇന്നലെ എംപി മുഹമ്മദ് ഫൈസലിനെ ലോക്‌സഭ അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നൂറുളിനെ പിരിച്ചുവിട്ടിരിക്കുന്നത്. നിലവിൽ നൂറുളും രണ്ടാം പ്രതിയായ മുഹമ്മദ് ഫൈസലും കണ്ണൂർ സെൻട്രൽ ജയിലിലാണ്.
അതേസമയം 10 വർഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകി. ഈ മാസം 17 ന് ഹർജി കോടതി പരിഗണിക്കും. ഇതിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2009 ൽ കോൺഗ്രസ് നേതാവ് പടനാഥ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാല് പ്രതികളാണുള്ളത്.
Discussion about this post