പൂനെ: ഉദ്ഘാടന ചടങ്ങിനിടെ എൻസിപി എംപി സുപ്രിയ സുലേയുടെ സാരിയിലേക്ക് തീപടർന്ന് അപകടം. ഹിഞ്ചേവാഡിയിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.
ടേബിളിൽ വെച്ചിരുന്ന നിലവിളക്ക് കൊളുത്തിയ ശേഷം പിന്നിലെ ഛത്രപതി ശിവാജിയുടെ പ്രതിമയിൽ മാല ചാർത്താൻ മുന്നോട്ടാഞ്ഞപ്പോഴായിരുന്നു സാരിയിൽ തീ പടർന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിൽ നിലവിളക്കിലെ തീ സാരിയിലേക്ക് പടർന്നത് സുപ്രിയ അറിഞ്ഞില്ല. പിന്നോട്ട് മാറിയപ്പോഴാണ് വസ്ത്രത്തിൽ തീ പിടിച്ചെന്ന് മനസിലാക്കിയത്.
ഉടൻ തന്നെ കണ്ടതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. സാരി അൽപം കത്തിയെങ്കിലും തീ പെട്ടന്ന് അണച്ചു. താൻ സുരക്ഷിതയാണെന്നും പരിഭ്രാന്തി വേണ്ടെന്നും ഇവർ പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. സമയത്തിന് തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ അപകടം ഒഴിവായെന്നും എംപി കൂട്ടിച്ചേർത്തു. ബരാമതിയിലെ എംപിയാണ് സുപ്രിയ സുലേ.
Discussion about this post