റായ്പൂർ; ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുക സർവ്വ സാധാരണമാണ്. സാമ്പത്തിക പ്രശ്‌നങ്ങളായും രോഗപീഡകളായുമെല്ലാം പ്രതിസന്ധികൾ നമ്മെ പരീക്ഷിക്കാറുണ്ട്. ചിലർ ഇതിൽ തളർന്നു പോകും. എന്നാൽ മറ്റു ചിലർ ആകട്ടെ ഈ കഠിനതകളെല്ലാം തരണംചെയ്ത് ജീവിതത്തിൽ വിജയിക്കും. സമൂഹത്തിൽ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ഇതിനുള്ള നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഈ ഉദാഹരണങ്ങളിൽ ഒന്നാണ് ഝാർഖണ്ഡ് സ്വദേശിനി പ്രീതി കുമാരി.
ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഫൈൻ ആർട്‌സ് വിദ്യാർത്ഥിനിയായ പ്രീതിയെ ജീവിതം പരീക്ഷിക്കുന്നത് ട്യൂമറിന്റെ രൂപത്തിലാണ്. എന്നാൽ അസുഖമോർത്ത് ദു:ഖിക്കാനോ കരയാനോ പ്രീതി തയ്യാറാകുന്നില്ല. പകരം ഇഷ്ടമുള്ള ചിത്ര രചനയിൽ തന്റെ മുഴുവൻ ശ്രദ്ധയും നൽകി മുന്നോട്ട് പോകുകയാണ് ഈ മിടുക്കി. ഇതിന് പ്രീതിയ്ക്ക് തുണയാകുന്നതാകട്ടെ ഭഗവാൻ ശ്രീരാമനും.
ശ്രീരാമന്റെയും സീതയുടെയും ചിത്രങ്ങളാണ് പ്രീതി വരയ്ക്കാറുള്ളത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങൾ പ്രീതി പൂർത്തിയാക്കി. ഇതിൽ തന്നെ ഏറെ സമയം എടുത്ത് ചെയ്ത സീതാരാമം എന്ന പേരിട്ടിരിക്കുന്ന സീതയുടെയും ശ്രീരാമന്റെയും ചിത്രത്തിന് ഗിന്നസ് വേൾഡ് റെക്കോർഡും പ്രീതിയ്ക്ക് ലഭിച്ചു. ഇടത് കയ്യുടെ ചലനം നഷ്ടമായ പ്രീതി 11 മണിക്കൂറോളമിരുന്നാണ് ഈ ചിത്രം പൂർത്തിയാക്കിയത്.
പ്രീതിയുടെ ഇടത് കൈക്കാണ് ട്യൂമർ ബാധിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നാലോളം ശസ്ത്രക്രിയകൾ നടത്തി. എന്നാൽ ഫലമുണ്ടായില്ല. ഇതിനിടെ കയ്യിലെ ഒരു വിരൽ മുറിച്ചു മാറ്റുകയും ചെയ്തു. റെയിൽവേയിൽ എൻജിനീയറായ ദിനേഷ് പ്രസാദിന്റെയും സുനിത ദേവിയുടെയും മകളാണ് പ്രീതി. രണ്ട് സഹോദരങ്ങളുമുണ്ട്. 2019 ലാണ് ഫൈൻ ആർട്‌സ് പഠിക്കാൻ പ്രീതി സർവ്വകലാശാലയിൽ ചേർന്നത്.
Discussion about this post