കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ് താലിബാൻ. തങ്ങൾ ഇസ്ലാമിക-ശരിയത്ത് നിയമങ്ങളനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതിനനുസരിച്ചാണ് സ്ത്രീ വിദ്യാഭ്യാസത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും താലിബാൻ മുഖ്യവക്താവ് സബീബുള്ള മുജാഹിദ്ദ് പറഞ്ഞിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ മുൻഗണനാ വിഷയങ്ങൾ അല്ലെന്നാണ് താലിബാൻ വിശദീകരിക്കുന്നത്.
സ്‌കൂളിൽ നിന്നും സർവകലാശാലകളിൽ നിന്നും അഫ്ഗാൻ പെൺകുട്ടികൾ പുറത്താക്കപ്പെടുമ്പോൾ താലിബാന് ചുട്ടമറുപടി നൽകുകയാണ് ഡൽഹിയിലെ ഒരു സ്‌കൂൾ. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ പുനരാരംഭിച്ച
സൈദ് ജമാലുദ്ദീൻ അഫ്ഗാൻ ഹൈസ്‌കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനമാണത്.
ഇന്ത്യയിൽ ജീവിക്കുന്ന അഫ്ഗാൻ വിദ്യാർത്ഥികൾ വേണ്ടി മാത്രം തെക്ക് കിഴക്കൻ ഡൽഹിയിലെ റെസിഡൻഷ്യൽ കോളനിയായ ഭോഗലാലിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. ഭീകരരുടെ പേടിപ്പെടുത്തുന്ന നോട്ടമോ ഭീഷണിയോ ഒന്നും ഇല്ലാതെ മൂന്നുറോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയത് പോലുള്ള ലിംഗപരമായ വേർതിരിവ് ഇല്ലാതെയാണ് പഠനം. പാഠഭാഗങ്ങൾക്ക് പുറമേ സംഗീതം, കവിത, ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലും പരിശീലനം നൽകുന്നുണ്ട്.
ഏറെ പ്രതിസന്ധികൾ നേരിട്ടിട്ടും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നതിലൂടെ രണ്ട് സന്ദേശങ്ങളാണ് താലിബാന് നൽകുന്നതെന്ന് അഫ്ഗാനിസ്ഥാൻ അംബാസിഡറായ ഫരീദ് മാമുൻഡ്സായി പറയുന്നു. അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തടയിടാൻ യാതൊന്നിനും കഴിയില്ല എന്നതാണ് അതിൽ ഒന്നാമത്തേത്. അഫ്ഗാൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ തീരുമാനിച്ച ഇന്ത്യ ബുദ്ധിമുട്ടുകളിൽ ഒറ്റപ്പെടുത്താതെ ഒപ്പം നിൽക്കുന്ന സുഹൃത്താണ് ഇന്ത്യ എന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
1994 ൽ സ്ഥാപിതമായ ഈ സ്‌കൂളിന് അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ പൂട്ടുവീണ അവസ്ഥയായിരുന്നു. തുടർന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി ഇന്ത്യയോട് സഹായം തേടുകയായിരുന്നു. ഇന്ത്യയിലെ എംബസി ഉൾപ്പെടെയുള്ള അഫ്ഗാനിസ്ഥാന്റെ നയതന്ത്ര സംവിധാനങ്ങൾ താലിബാൻ ഭരണകൂടത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാലാണ് ഇത് സാധ്യമായത്. അങ്ങനെ ഇന്ത്യയുടെ സഹായത്തോടെ സ്‌കൂളിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
Discussion about this post