ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരിലെ ബുദ്ഗാമിലായിരുന്നു ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടിയത്.
ബുദ്ഗാം നഗരത്തിലെ കോടതി സമുച്ഛയത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. കെട്ടിടത്തിനുള്ളിലേക്ക് സുരക്ഷാ സേന പരിശോധനയ്ക്കായി കടന്നതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു.
നാലിലധികം ഭീകരർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.








