ഹൈദരാബാദ്: പ്രതിഭാസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനത്തിലെ യുവരാജ സ്ഥാനം ആധികാരികമായി ഉന്നയിച്ച് ശുഭ്മാൻ ഗിൽ. ശ്രീലങ്കയ്ക്കെതിരെ സാക്ഷാൽ വിരാട് കോഹ്ലിയ്ടെ സാന്നിദ്ധ്യത്തിൽ കാര്യവട്ടത്ത് നേടിയ ക്ലാസിക്കൽ സെഞ്ച്വറിക്ക് പിന്നാലെ, ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ ന്യൂസിലൻഡിനെതിരെ ഹൈദരാബാദിൽ ഇരട്ട സെഞ്ച്വറി.
149 പന്തിൽ 19 ബൗണ്ടറികളുടെയും 9 സിക്സറുകളുടെയും അകമ്പടിയോടെ ഗിൽ നേടിയ 208 റൺസിന്റെ കരുത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 182 റൺസിൽ നിന്നും തുടർച്ചയായി 3 സിക്സറുകൾ പറത്തിയാണ് ഗിൽ ഇരട്ട സെഞ്ച്വറി കുറിച്ചത്. സമീപകാല ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സിനാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഗിൽ നിറഞ്ഞാടിയ മത്സരത്തിൽ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കൊന്നും കാര്യമായി ശോഭിക്കാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ക്യാപ്ടൻ രോഹിത് ശർമ്മ ഇന്നും മികച്ച തുടക്കം മുതലാക്കാനാകാതെ 34 റൺസുമായി മടങ്ങി. സൂര്യകുമാർ യാദവ് 26 പന്തിൽ 31 റൺസ് നേടി മടങ്ങി. 28 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയുടെ പുറത്താകലിൽ മലയാളിയായ മൂന്നാം അമ്പയർ അനന്തപത്മനാഭൻ കാര്യമായി പഴി കേട്ടു. പന്ത് സ്റ്റമ്പിൽ കൊള്ളാതെയാണ് അമ്പയർ ഔട്ട് വിധിച്ചത് എന്നാണ് ഒരുപക്ഷം ആരാധകരുടെ വാദം.
ന്യൂസിലൻഡിന് വേണ്ടി ഷിപ്ലിയും ഡാരിൽ മിച്ചലും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ലോക്കി ഫെർഗൂസൻ, ടിക്നർ, സാന്റ്നർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
Discussion about this post