തൃശൂർ: സേഫ് ആന്റ് സ്‌ട്രോങ് കമ്പനിക്കായി പ്രവീൺ റാണ വാങ്ങിക്കൂട്ടിയ വാഹനങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാരംഭിച്ചു. മാസങ്ങളായി തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിലാണ് പിടിച്ചെടുക്കുന്നത്. ഒരു വാഹനം പ്രവീൺ റാണയുടെ സഹോദരന്റെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. ചിട്ടിക്കമ്പനിയുടെ വിവിധ ശാഖകളിലേക്ക് മേടിച്ച വാഹനങ്ങളാണിത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണെന്ന വിവരം പോലും ജീവനക്കാർ അറിഞ്ഞിരുന്നില്ല.
അതേസമയം റിമാൻഡിലാരുന്ന റാണയെ അന്വേഷണ സംഘം ചോദ്യം ചെയ്ത് തുടങ്ങി. 10 ദിവസത്തേക്കാണ് അഡീഷണൽ സെഷൻസ് കോടതി ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തട്ടിച്ച പണം മുഴുവൻ എവിടേക്കാണ് മാറ്റിയത് എന്ന കാര്യത്തിൽ ഇതുവരേയും വ്യക്തത വന്നിട്ടില്ല. ചിട്ടിക്കമ്പനി വഴി സ്വരൂപിച്ച പണമെല്ലാം മറ്റ് വ്യവസായങ്ങളിൽ നിക്ഷേപിച്ചെന്നും തന്റെ കയ്യിൽ ഒന്നുമില്ലെന്ന മറുപടിയാണ് റാണ ആവർത്തിക്കുന്നത്. ഏതൊക്കെ സ്ഥാപനങ്ങളിലാണ് നിക്ഷേപിച്ചതെന്ന കാര്യത്തിലും കണക്ക് ലഭ്യമായിട്ടില്ല.












