എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് പോലീസ്. ഇവർക്കെതിരെ മനപ്പൂർവമായ നരഹത്യയ്ക്ക് കേസ് എടുത്തു. ഒളിവിൽ പോയ ഹോട്ടൽ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും മറ്റ് ചിക്കൻ വിഭവങ്ങളും കഴിച്ച് 67 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹോട്ടലിനുണ്ടായത് ഗുരുതര പിഴവാണെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചത്. നിലവിൽ ഭക്ഷ്യവിഷബാധയേറ്റവരിൽ നിന്നും മൊഴിയെടുത്ത് തെളിവുകൾ ശേഖരിച്ചുവരികയാണ് പോലീസ്. വളരെ ഗൗരവമേറിയ കേസായാണ് സംഭവത്തെ പോലീസ് കണക്കാക്കുന്നത്.
ഹോട്ടലിലെ മുഖ്യപാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നും മൊഴിയെടുക്കുന്നത് തുടരുകയാണ്. സംഭവത്തിൽ മറ്റ് ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. വെടിമറ സ്വദേശി സിയാദുൾ ഹഖ് ആണ് ഹോട്ടലിന്റെ ഉടമ.
അതേസമയം കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ഭക്ഷണ ശാലകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
Discussion about this post