തിരുവനന്തപുരം : ഗുണ്ടകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് പുറമേ ഗുരുതരമായി സ്വഭാവദൂഷ്യമുണ്ടെന്ന് കണ്ടെത്തിയതോടെ പേട്ട സിഐ റിയാസ് രാജയെ സേനയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഗുണ്ടയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെ വാടക വീട്ടിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെയാണ് സേനയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. എഡിജിപി എംആർ അജിത് കുമാർ പുറത്തിറക്കിയ ഉത്തരവിലാണ് ഇയാളുടെ സ്വഭാവദൂഷ്യങ്ങളെക്കുറിച്ച് എണ്ണിപ്പറയുന്നത്.
എസ്എച്ച്ഒ ആയിരിക്കെ വെൺപാലവട്ടത്ത് വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്ന് ഉദ്യോഗസ്ഥനെ സ്വഭാവദൂഷ്യം കാരണം വീട്ടുടമ ഒഴിപ്പിച്ചിരുന്നു. ലുലു മാളിനടുത്തെ അനധികൃത മസാജ് സെന്ററിലെ സ്ത്രീകളെ സന്ദർശിച്ചതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ ഭാര്യയുമായി ഉദ്യോഗസ്ഥന് അവിഹിത ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ റിയാസിനെ സ്ഥലം മാറ്റണമെന്ന് സിറ്റി പോലീസ് കമ്മീഷണർ എഡിജിപിക്ക് ശുപാർശ നൽകിയിരുന്നു. സംഭവത്തിൽ എഡിജിപി വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയത്.
പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായതായി ബോദ്ധ്യമായെന്ന് എഡിജിപി ഉത്തരവിൽ പറയുന്നു. റിയാസ് രാജയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എസ്. ശ്രീകാന്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് പിരിച്ചുവിടുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.












