ന്യൂഡൽഹി: ഗോധ്രാനന്തര കലാപത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അധിക്ഷേപിക്കാൻ ബിബിസി ആശ്രയിച്ചത് ക്രിമിനൽ കേസ് പ്രതികളായ സഞ്ജീവ് ഭട്ടിന്റെയും ആർ ബി ശ്രീകുമാറിന്റെയും ടീസ്ത സെതൽവാദിന്റെയും മൊഴികൾ. ഇന്ത്യയിലെ സകല അന്വേഷണ ഏജൻസികളും പിൽക്കാലത്ത് കോടതികളും തള്ളിയ ഉപജാപകരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഡൊക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിക്കെതിരെ ഇന്ത്യയ്ക്കകത്തും ബ്രിട്ടണിലും പ്രതിഷേധം വ്യാപകമാണ്.
ബ്രിട്ടീഷ് സർക്കാർ നടത്തിയ രഹസ്യാന്വേഷണ റിപ്പോർട്ട് എന്ന നിലയ്ക്കാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ബിബിസിയുടെ ഈ അവകാശവാദം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിഷേധിച്ചു. നരേന്ദ്ര മോദിയെ ഇത്തരത്തിൽ വക്രീകരിച്ച് അവതരിപ്പിച്ചതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ബിബിസിക്ക് കനത്ത തിരിച്ചടിയായി. ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ഡോക്യുമെന്ററിയെ തള്ളിക്കളയുകയും ചെയ്തു.
കസ്റ്റഡി മരണക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ മൊഴികൾ ഡോക്യുമെന്ററിക്ക് ആധാരമായി ബിബിസി അവതരിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണ സംവിധാനം നയിക്കുന്ന ലോകനേതാവിനെ ഒരു കുറ്റവാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അപകീർത്തിപ്പെടുത്തുന്നതിന്റെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കലാപത്തിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മൗനാനുവാദം നൽകി എന്നാണ് സഞ്ജീവ് ഭട്ടിന്റെ മൊഴി.
എന്നാൽ, അയോധ്യയിലേക്ക് പോയ 59 കർസേവകരെ ഗോധ്രയിൽ വെച്ച് സബർമതി ട്രെയിനിലിട്ട് ഇസ്ലാമിക മൗലികവാദികൾ ചുട്ട് കരിക്കുമ്പോൾ സഞ്ജീവ് ഭട്ട് ആയിരുന്നു പോലീസ് സൂപ്രണ്ട്. ഭട്ടിന്റെ ആരോപണങ്ങൾ കലാപക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം തള്ളിക്കളയുകയും, ആ അന്വേഷണ റിപ്പോർട്ട് കോടതികൾ അംഗീകരിക്കുകയും ചെയ്തിരുന്നു. മുസ്ലീങ്ങളെ പാഠം പഠിപ്പിക്കാൻ കലാപം നടക്കുമ്പോൾ നിയമ സംവിധാനങ്ങൾ മൗനം അവലംബിക്കണമെന്ന് നരേന്ദ്ര മോദി മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞുവെന്നായിരുന്നു ഭട്ടിന്റെ അടുത്ത വെളിപ്പെടുത്തൽ. എന്നാൽ യോഗത്തിൽ മോദി അങ്ങനെ പറഞ്ഞിട്ടില്ലെന്നും, കലാപവുമായി ബന്ധപ്പെട്ട് മോദി വിളിച്ചു ചേർത്ത യോഗം നടക്കുമ്പോൾ സഞ്ജീവ് ഭട്ട് ഡ്യൂട്ടിയുടെ ഭാഗമായി മറ്റൊരിടത്തായിരുന്നുവെന്നും ഹാജർ രേഖകൾ പ്രകാരം അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഈ കണ്ടെത്തൽ കോടതികളും പിന്നീട് അംഗീകരിച്ചിരുന്നു.
സഞീവ് ഭട്ടിന്റെ ആരോപണങ്ങൾ നാനാവതി കമ്മീഷനും തള്ളിയിരുന്നു. നുണകൾക്ക് ആധികാരികത നൽകുന്നതിന് വേണ്ടി സഞീവ് ഭട്ട് വ്യാജരേഖ ചമച്ചതായും കമ്മീഷൻ കണ്ടെത്തിയിരുന്നു.
കലാപത്തിൽ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയ ടീസ്ത സെതൽവാദിന്റെ വിശ്വാസ്യതയും പൊതുസമക്ഷം തകർന്ന് വീണിരുന്നു. കലാപത്തിൽ പ്രധാനമന്ത്രിയെ കുറ്റക്കാരനാക്കണമെന്ന് ആവശ്യപ്പെടുന്ന സാകിയ ജഫ്രിയുടെ ഹർജി തള്ളിയ സുപ്രീം കോടതി, ടീസ്തയ്ക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. തന്റെ ഗൂഢലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ടീസ്ത, സാകിയയുടെ ആരോപണങ്ങൾ മുതലെടുത്തുവെന്നായിരുന്നു പരമോന്നത നീതിപീഠത്തിന്റെ കണ്ടെത്തൽ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ടീസ്ത തന്റെ വ്യക്തിവൈരാഗ്യം തീർക്കാൻ ശ്രമിച്ചുവെന്നും, അതിനായി പലരുടെയും സ്വകാര്യ ദു:ഖങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സുപ്രീം കോടതി വിമർശിച്ചിരുന്നു.
സഞീവ് ഭട്ട് ഉന്നയിച്ചതിന് സമാനമായ ആരോപണങ്ങളായിരുന്നു മുൻ ഗുജറാത്ത് ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാർ ഉന്നയിച്ചത്. ഗോധ്രാനന്തര കലാപത്തിൽ നടപടി സ്വീകരിക്കാൻ നരേന്ദ്ര മോദി മനപ്പൂർവം കാലതാമസമെടുത്തു എന്നായിരുന്നു ശ്രീകുമാറിന്റെ ആരോപണം. അടിയന്തര യോഗം ചേർന്ന മോദി, നിയമ സംവിധാനങ്ങൾ മൗനം അവലംബിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു ഇയാളുടെയും ആരോപണം. എന്നാൽ അങ്ങനെ ഒരു ആവശ്യം മോദി ഉന്നയിച്ചിട്ടില്ലെന്നും കലാപവുമായി ബന്ധപ്പെട്ട് മോദി വിളിച്ചു ചേർത്ത യോഗത്തിൽ ശ്രീകുമാർ സന്നിഹിതനായിരുന്നില്ലെന്നും രേഖകളുടെ അടിസ്ഥാനത്തിൽ വ്യക്തമായിരുന്നു. ഇതോടെ, താൻ നേരിട്ട് യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും, സഞ്ജീവ് ഭട്ട് പറഞ്ഞുള്ള അറിവേ തനിക്ക് ഉള്ളൂവെന്നും ശ്രീകുമാർ മൊഴി മാറ്റിയിരുന്നു.
ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പി നാരായണനെതിരെ വ്യാജരേഖ ചമച്ച കേസിലും പ്രതിയാണ് ആർ ബി ശ്രീകുമാർ. ടീസ്തയ്ക്കും ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ തെളിവുണ്ടാക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കേസുകൾ പിന്നീട് രജിസ്റ്റർ ചെയ്യപ്പെട്ടു. 2022 ജൂണിൽ, സുപ്രീം കോടതി പരാമർശത്തെ തുടർന്ന് ടീസ്ത അറസ്റ്റിലായി. നിലവിൽ ഇവർ ജാമ്യത്തിലാണ്. കൂടാതെ ഇവർ മൂവരും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകർക്കുന്നതിനും, ഗുജറാത്തിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നതിനും വേണ്ടി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് അഹമ്മദ് പട്ടേലിൽ നിന്നും 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Discussion about this post