ബീജിങ്: കൊവിഡ് ഭീതിയൊഴിയാതെ ചൈന. ഒരാഴ്ചയ്ക്കിടെ 13,000 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ജനുവരി 13 മുതൽ 19 വരെയുളള ദിവസങ്ങളിലെ കണക്കുകളാണിത്. രാജ്യത്തെ ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഇതിനോടകം കൊവിഡ് ബാധിച്ചതായി ആരോഗ്യവിഭാഗം ഉന്നതർ മാദ്ധ്യമങ്ങളോട് തുറന്നുസമ്മതിച്ചു.
കൊവിഡ് ബാധിച്ച് ശ്വാസതടസം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 681 പേർ മരിച്ചതായി ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ കൊവിഡിനൊപ്പം മറ്റ് രോഗങ്ങൾ കൂടി പിടിപെട്ടതിനാൽ ജീവൻ നഷ്ടമായവരുടെ എണ്ണം 11,977 ആണ്. വൈറസ് ബാധിച്ച് വീടുകളിൽ കഴിയവേ മരിച്ചവരുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല.
സീറോ കൊവിഡ് പോളിസി ഉപേക്ഷിച്ച ഡിസംബറിന് ശേഷം ആറ് ലക്ഷത്തോളം പേർ മരിച്ചതായിട്ടാണ് എയർഫിനിറ്റി എന്ന സ്വതന്ത്ര ഫോർകാസ്റ്റിങ് സ്ഥാപനം പുറത്തുവിടുന്ന വിവരം. രാജ്യത്തെ 80 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിച്ചുകഴിഞ്ഞതായും അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ ഏഴിനാണ് ചൈന വിവാദമായ സീറോ കൊവിഡ് പോളിസി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്.
സീറോ കൊവിഡ് പോളിസിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ തുടർക്കഥയായതോടെ ഒഴിവാക്കാൻ അധികൃതർ നിർബന്ധിതമാകുകയായിരുന്നു. സീറോ കൊവിഡ് പോളിസി പിൻവലിച്ചതിന് പിന്നാലെ ഡിസംബർ 20 ഓടെ രോഗബാധിതരുടെ എണ്ണം 248 മില്യനിലെത്തിയതായി ചൈനയിലെ ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
കൊവിഡ് ഭീതിയിലാണെങ്കിലും ചൈനീസ് കലണ്ടർ അനുസരിച്ച് വിശേഷ ദിവസമായ ചാന്ദ്ര പുതുവർഷത്തിന്റെ ആഘോഷങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നു. വിശേഷദിനം പ്രമാണിച്ച് ബന്ധുക്കളെയും മറ്റും സന്ദർശിക്കാനായി നിരവധി പേരാണ് ചൈനയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമാനം കയറിയത്. ഇവർ തിരിച്ചുവരുമ്പോൾ അടുത്ത തരംഗം ഉണ്ടാകാനുളള സാദ്ധ്യതയും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.











