തിരുവനന്തപുരം: സ്‌കൂൾ കലോത്സവ വേദിയിലെ ഭക്ഷണവിവാദത്തിൽ പ്രതികരണവുമായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണെന്നും കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർക്ക് പുറത്ത് നിന്ന് വാങ്ങിക്കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചിക്കൻ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് വേദിയിൽ നൃത്തം ചെയ്യുമെന്ന് ഷംസീർ ചോദിച്ചു. തനിക്ക് നോൺ വെജ് ഭക്ഷണത്തോടാണ് പ്രിയമെന്നും എന്നാൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണമെന്ന നിലയിൽ കലോത്സവം പോലെയുള്ള ഒത്തുച്ചേരലിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലതെന്ന് ഷംസീർ കൂട്ടിച്ചേർത്തു. വ്യക്തിയെന്ന നിലയിൽ അഭിപ്രായം പറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഞാനൊരു പ്യുവർ നോൺ വെജിറ്റേറിയനാണ്. നമ്മൾ പ്രാക്ടിക്കൽ സൈഡ് ചിന്തിക്കേണ്ടേ. ആളുകൾ കൂട്ടമായി എത്തുന്നിടത്ത് വെജിറ്റേറിയനാണ് ഗുണം. കുട്ടികളുടെ ശ്രദ്ധ പൂർണ്ണമായും അവർ പങ്കെടുക്കുന്ന പരിപാടികളിലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവർ ഭക്ഷണം കഴിക്കുക. അതിനാൽ കുറച്ചുകൂടി അഭികാമ്യം വെജിറ്റേറിയനാണ് എന്നായിരുന്നു സ്പീക്കറുടെ പരാമർശം.
പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ തിരി കൊളുത്തിയ ഭക്ഷണ വിവാദത്തിന് പിന്നാലെ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണവും ഉണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് സ്പീക്കറുടെ ഈ ഭിന്നാഭിപ്രായം.












