ന്യൂഡൽഹി: ഇന്ത്യയിൽ വിദ്വേഷം പരക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ അഭിമാനവും അന്തസ്സും കുട്ടിക്കളി കളിക്കാനുള്ളതല്ലെന്നായിരുന്നു, ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുലിന്റെ പ്രസ്താവനയോടുള്ള രാജ്നാഥ് സിംഗിന്റെ പ്രതികരണം.
മദ്ധ്യപ്രദേശിലെ സിംഗ്രോളിയിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടവെയായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകളോട് രാജ്നാഥ് സിംഗ് പ്രതികരിച്ചത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയോട് ഞാൻ ചോദിക്കുന്നു, ആരാണ് രാജ്യത്ത് വിദ്വേഷം പരത്തുന്നത്? രാജ്യത്ത് വിദ്വേഷം പരക്കുകയാണെന്ന രാഹുലിന്റെ പ്രസ്താവന ഇന്ത്യക്ക് അപമാനമാണ്. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും കൊണ്ട് കളിക്കരുതെന്ന് രാഹുലിനെ ഞാൻ ഓർമ്മിപ്പിക്കുകയാണ്. രാജ്നാഥ് സിംഗ് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ സൈനികരുടെ ധീരതയെ ചോദ്യം ചെയ്യുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നേരത്തേ പ്രതിരോധ രംഗത്ത് ആവശ്യമായ എല്ലാ സാധന സാമഗ്രികളും ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ, ഇന്ന് പ്രതിരോധ സാമഗ്രികൾ നമ്മൾ നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്നു, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. രാജ്നാഥ് സിംഗ് വ്യക്തമാക്കി.










