ലക്നൗ: രാമചരിതമാനസത്തെക്കുറിച്ചുള്ള സ്വാമി പ്രസാദ് മൗര്യയുടെ വിവാദ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടി നേതാവിന്റെ പരാമർശത്തിൽ അഖിലേഷ് കടുത്ത ദേഷ്യത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അഖിലേഷിന് പുറമെ പാർട്ടിയിലെ നിരവധി എംഎൽഎമാരും സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് വിവരം.
പാർട്ടിക്കുള്ളിൽ തന്നെ സ്വാമി പ്രസാദിന്റെ പ്രസ്താവനക്കെതിരെ വലിയൊരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.രാമായണത്തെ ആസ്പദമാക്കി രചിച്ച രാമചരിതമാനസത്തിൽ അധിക്ഷേപകരമായ പരാമർശങ്ങളും പരിഹാസങ്ങളും ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നുമായിരുന്നു സ്വാമി പ്രസാദ് പറഞ്ഞത്. ദളിത് വിഭാഗത്തെ വ്രണപ്പെടുത്തുന്ന വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമായിരുന്നു പരാമർശം.
ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്ന് വന്നത്. ബിജെപിയും സമാജ് വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്വാമി പ്രസാദിന് വിഭ്രാന്തിയാണെന്നും, അയാൾ പറഞ്ഞത് പാർട്ടിയുടെ നിലപാടാണോ എന്ന് അഖിലേഷ് യാദവ് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു, പിന്നാലെ സ്വാമി പ്രസാദ് നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാടല്ലെന്നും സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് രവിദാസ് മൽഹോത്ര പറഞ്ഞു. ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും രവിദാസ് പറഞ്ഞു.
Discussion about this post