ബ്രിട്ടനിലെ ഹാലി റിസർച്ച് സ്റ്റേഷന് സമീപമുള്ള അന്റാർട്ടിക്ക് ഐസ് ഷെൽഫിൽ നിന്ന് ഭീമൻ മഞ്ഞുമല പൊട്ടിവീണതായി റിപ്പോർട്ട്. ലണ്ടന്റെ വലുപ്പത്തിലുള്ള കൂറ്റൻ മഞ്ഞുപാളിയാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലിയ ഹിമാനികളിൽ നിന്നാണ് ഈ കൂറ്റൻ മഞ്ഞുപാളി പൊട്ടിവീണത്. ഈ മഞ്ഞ് മലയ്ക്ക് 1550 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 150 മീറ്ററിലധികം ഉയരവുമുണ്ട്.
അതേസമയം മഞ്ഞുമല പൊട്ടിവീണതിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമില്ലെന്ന് ബ്രിട്ടീഷ് അന്റാർട്ടിക് സർവേയിലെ ഗ്ലേഷ്യോളജിസ്റ്റ് ഡൊമിനിക് ഹോഡ്സൺ വ്യക്തമാക്കി. ഇത്തരത്തിൽ മഞ്ഞുപാളി അടർന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും, സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും ഡൊമിനിക് ഹോഡ്സൺ പറഞ്ഞു. നിലവിൽ ശാസ്ത്രജ്ഞർ ഇതിനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഇത്തരം പ്രക്രിയകൾ സ്വാഭാവികമാണെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വലിയൊരു ഹിമപാളി പൊട്ടിമാറുന്നത്. 2021 ഫെബ്രുവരിയിൽ 1270 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 150 മീറ്റർ കട്ടിയുമുള്ള മഞ്ഞുപാളി അടർന്ന് മാറിയിരുന്നു. എ74 എന്നാണ് ഇതിന് പേര് നൽകിയത്. പുതിയ മഞ്ഞുപാളി ഇതിനെക്കാൾ വലുതാണ്. വിള്ളൽ കണ്ടെത്തി ഏതാണ്ട് 10 വർഷത്തിന് ശേഷം ഇത് പ്രധാന മഞ്ഞുപാളിയിൽ നിന്ന് അടർന്ന് മാറിയത്.
Discussion about this post