തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസിയുടെ ‘ ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുടെ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി.
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആൻറണി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ബിബിസി മുൻവിധിയുള്ള ചാനലാണെന്നും അനിൽ കുറിച്ചു.
ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കാരണം ഒട്ടേറെ മുൻവിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടൻ പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്ട്രോ എന്നാണ് അനിൽ ട്വിറ്ററിൽ കുറിച്ചത്.
അതേസമയം ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.
Discussion about this post