ന്യൂഡൽഹി: ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ ആസ്തിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 872 മില്യൺ ഡോളറിന്റെ കുറവ് വന്നിരുന്നു. ഇതോടെയാണ് ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം അദ്ദേഹം ഒരു സ്ഥാനം പിറകിലേക്ക് പോയത്. 120 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 121 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ലൂയി വിറ്റൻ എസ്ഇ-എൽവിഎംഎച്ചിന്റെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ബെർനാൾഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ടെസ്ല, ട്വിറ്റർ തുടങ്ങിയവയുടെ മേധാവിയായ ഇലോൺ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. 188 ബില്യൺ ഡോളറും, 145 ബില്യൺ ഡോളറുമാണ് യഥാക്രമം ഇവരുടെ ആസ്തി. 111 ബില്യൺ ഡോളറിന്റെ ആസ്തിയോടെ ബിൽ ഗേറ്റ്‌സാണ് പട്ടികയിൽ അഞ്ചാമത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 83.9 ബില്യൺ ഡോളർ ആസ്തിയുമായി 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ 9ാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. ഇതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനായി ഗൗതം അദാനി മാറി.
Discussion about this post